ഓപ്പറേഷൻ ഗംഗ: ഇന്ത്യയിൽ തിരിച്ചെത്തിയത് രണ്ടായിരം പേർ
|കിയവിൽ നിന്ന് ഉള്ള ഇന്ത്യക്കാർ അതിർത്തിയിൽ എത്തുന്നതോടെ കൂടുതൽ വിമാനങ്ങൾ ദൗത്യത്തിന്റെ ഭാഗമാകും
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഒമ്പത് വിമാനങ്ങളിലായി ഇതുവരെ രണ്ടായിരത്തോളം ഇന്ത്യക്കാരാണ് ഡൽഹിയിൽ എത്തിയത്. ഇന്ന് മൂന്ന് വിമാനങ്ങൾ ഇന്ത്യയിൽ എത്തി. മുംബൈയിൽ ഒന്നും ഡൽഹിയിൽ രണ്ടും വിമാനങ്ങൾ ആണ് എത്തിയത്. ഉച്ചക്ക് ഒന്നരയോടെ ആണ് രണ്ട് ഇൻഡിഗോ വിമാനങ്ങൾ ഡൽഹിയിൽ എത്തിയത്. ബുക്കാറസ്റിൽ നിന്നും ബുഡാപെസ്റ്റിൽ നിന്നും എത്തിയ വിമാനങ്ങളിൽ 50 മലയാളികൾ ഉൾപ്പടെ അഞ്ഞൂറോളം പേരാണ് ഉണ്ടായിരുന്നത്. മുബൈ വിമാനത്താവളത്തിൽ എത്തുന്ന രണ്ടാമത്തെ വിമാനം ബുക്കാറസ്റ്റിൽ നിന്നായിരുന്നു. ആറു മലയാളികൾ ഉൾപ്പടെ 182 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതോടെ രാജ്യത്ത് 188 മലയാളികൾ ഉൾപ്പടെ രണ്ടായിരത്തോളം ഇന്ത്യക്കാർ യുക്രെയ്നിൽ നിന്നും തിരിച്ചെത്തി. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ് എന്നും ഇന്ത്യക്കാർ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു മാധ്യമങ്ങളോട് പറഞ്ഞു.
രാത്രി ഒമ്പത് മണിയോടെയാണ് ബുക്കാറസ്റിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനം ഡൽഹി എത്തുക. കിയവിൽ നിന്ന് ഉള്ള ഇന്ത്യക്കാർ അതിർത്തിയിൽ എത്തുന്നതോടെ കൂടുതൽ വിമാനങ്ങൾ ദൗത്യത്തിന്റെ ഭാഗമാകും. സ്പൈസ് ജെറ്റ് വിമാനങ്ങൾ സ്ലൊവാക്യയിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് അറിയിച്ചിരുന്നു.
Operation Ganga: 2,000 return to India From Ukraine