India
ദൃശ്യങ്ങള്‍ വ്യാജം: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ഓപറേഷൻ കമല ആരോപണം നിഷേധിച്ച് ബി.ജെ.പി
India

'ദൃശ്യങ്ങള്‍ വ്യാജം': തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ഓപറേഷൻ കമല ആരോപണം നിഷേധിച്ച് ബി.ജെ.പി

Web Desk
|
4 Nov 2022 8:05 AM GMT

നാല് എം.എല്‍.എമാരെ കൂറുമാറ്റിയാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോ എന്നാണ് മന്ത്രി കിഷന്‍ റെഡ്ഡിയുടെ ചോദ്യം

ഹൈദരാബാദ്: തെലങ്കാനയിലെ ഓപറേഷൻ കമല ആരോപണം നിഷേധിച്ച് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി കിഷൻ റെഡ്ഡി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പുറത്തുവിട്ട ദൃശ്യങ്ങൾ വ്യാജമാണെന്നാണ് മന്ത്രിയുടെ മറുപടി. തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഉയർന്ന ആരോപണവും കിഷൻ റെഡ്ഡി തള്ളി. നാല് എം.എല്‍.എമാരെ കൂറുമാറ്റിയാല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോ എന്നാണ് മന്ത്രിയുടെ ചോദ്യം. ഇന്നലെയാണ് ടി.ആർ.എസ് എം.എൽ.എമാരെ വിലയ്ക്കെടുക്കാൻ തുഷാർ വെള്ളാപ്പള്ളി 100 കോടി വാഗ്ദാനം ചെയ്തെന്ന് കെ.സി.ആർ പറഞ്ഞത്.

തുഷാർ വെള്ളാപ്പള്ളി 100 കോടി രൂപ വീതം നാല് എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്തെന്നാണ് ചന്ദ്രശേഖര്‍ റാവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിനുപുറമെ 50 ലക്ഷം രൂപ വീതം കൂറുമാറാന്‍ ഭരണകക്ഷി എം.എൽ.എമാർക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തെന്നും തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചു. ചില ദൃശ്യങ്ങളും ഫോട്ടോകളും അദ്ദേഹം ഹാജരാക്കി.

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എം.എൽ.എമാരെ വിലയ്ക്ക് വാങ്ങി ഭരണം പിടിച്ചെടുക്കാനുള്ള നീക്കമാണ് ബി.ജെ.പി ഇപ്പോഴും നടത്തുന്നത്. തെലങ്കാനയ്ക്ക് പുറമെ ആന്ധ്രപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും ബി.ജെ.പി ലക്ഷ്യം വെച്ചതായി ചന്ദ്രശേഖര്‍ റാവു ആരോപിച്ചു.

തെലങ്കാനയിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് എത്തിയ മൂന്ന് ബി.ജെ.പി പ്രതിനിധികളെ തെലങ്കാന പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ഗോവയിലും മറ്റ് സംസ്ഥാനങ്ങളിലും ബി.ജെ.പി നടത്തിയ നീക്കത്തിന്റെ ആവർത്തനമാണ് തെലങ്കാനയിലും ലക്ഷ്യം വെച്ചത്. 2024ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും കെ.സി.ആര്‍ പറഞ്ഞു.

Similar Posts