India
Operation Reverse lotus in Haryana, 29 former BJP MLAs joined Congress in Haryana, Haryana Congress, Haryana BJP, Manoharlal Khattar government, Manoharlal Khattar, Deepender Hooda
India

ഹരിയാനയിൽ 'റിവേഴ്‌സ് ഓപറേഷൻ ലോട്ടസ്'! 29 ബി.ജെ.പി മുൻ എം.എൽ.എമാർ കോൺഗ്രസില്‍

Web Desk
|
5 July 2023 3:23 PM GMT

മനോഹർലാൽ ഖട്ടാര്‍ സർക്കാരിന്റെ ഭരണത്തിൽ ജനങ്ങൾക്ക് മടുത്തിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ

ചണ്ഡിഗഢ്: ഹരിയാനയിൽ ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലേക്ക് കൂട്ടക്കൊഴിച്ചിൽ. നിരവധി ബി.ജെ.പി നേതാക്കൾ പാർട്ടിവിട്ടു. ഏതാനും മാസങ്ങൾക്കിടെ 29 മുൻ എം.എൽ.എമാരാണ് കോൺഗ്രസിലേക്ക് കൂടുമാറിയത്. സംസ്ഥാനത്ത് 'റിവേഴ്‌സ് ഓപറേഷൻ ലോട്ടസ്' ആണെന്ന് കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ പറഞ്ഞു.

29 മുൻ ബി.ജെ.പി എം.എൽ.എമാരും മന്ത്രിമാരും കഴിഞ്ഞ ഏതാനും മാസത്തിനിടെ കോൺഗ്രസിൽ ചേർന്നു. ഇന്ന് മൂന്ന് മുൻ നിയമസഭാ സാമാജികരാണ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്. ഹരിയാന വികസനത്തിന്റെ പാതയിലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്-ദീപേന്ദർ ഹൂഡ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

മനോഹർലാൽ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിന്റെ അഴിമതിയിൽ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കെന്നാണ് കോൺഗ്രസ് പറയുന്നത്. സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂലമായി കാറ്റ് വീശുകയാണെന്ന് ദീപേന്ദർ ഹൂഡ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗവും സർക്കാരിന്റെ ഭരണത്തിൽ മടുത്തിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ഈ സർക്കാരിനെ പുറത്താക്കാൻ ജനങ്ങൾ മനസിലുറപ്പിച്ചുകഴിഞ്ഞിട്ടുണ്ടെന്നും ഭിവാനിയിൽ നടന്ന പാർട്ടി പരിപാടിയിൽ ദീപേന്ദർ വ്യക്തമാക്കി.

അടുത്തിടെ ഹരിയാനയിലെ സിർസയിൽ നടന്ന ബി.ജെ.പി പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയ്‌ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ഭൂപീന്ദറിന്റെ ജനാംഗീകാരത്തിൽ ബി.ജെ.പി അസ്വസ്ഥരാണെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് ദീപേന്ദർ പറഞ്ഞു. സിർസയിൽ ആവർത്തിച്ചാവർത്തിച്ച് ഭൂപീന്ദറിനെ ആക്ഷേപിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. ജനാധിപത്യത്തിൽ പ്രതിപക്ഷമാണ് ചോദ്യംചോദിക്കാറ്. സർക്കാർ മറുപടി പറയുകയുമാണ് പതിവ്. എന്നാൽ, സർക്കാർ ഒൻപത് വർഷം പിന്നിട്ടിട്ടും ഭരണകക്ഷിക്കു പകരം പ്രതിപക്ഷ നേതാവിനെപ്പോലെയാണ് അമിത് ഷാ സംസാരിക്കുന്നതെന്നും ദീപേന്ദർ വിമർശിച്ചു.

Summary: 29 former MLAs and ministers of BJP have joined Congress in the last few months, as Congress leader Deepender Hooda says operation Reverse lotus going on In Haryana

Similar Posts