India
തെലങ്കാനയിലെ ഓപ്പറേഷൻ താമര: ഗൂഢാലോചന നടന്നത് ബി.എൽ സന്തോഷിന്റെ വീട്ടിൽ; നിർണായക തെളിവുകൾ പുറത്ത്
India

തെലങ്കാനയിലെ ഓപ്പറേഷൻ താമര: ഗൂഢാലോചന നടന്നത് ബി.എൽ സന്തോഷിന്റെ വീട്ടിൽ; നിർണായക തെളിവുകൾ പുറത്ത്

Web Desk
|
2 Dec 2022 3:03 AM GMT

ഏജന്റുമാരും തുഷാര്‍ വെള്ളാപ്പള്ളിയും ജഗ്ഗുസ്വാമിയും വാട്‌സ്ആപ് ഗ്രൂപ് കോളിൽ സംസാരിച്ചതിന് രേഖ

ന്യൂഡൽഹി: തെലങ്കാനയിലെ ഓപ്പറേഷൻ താമരയിൽ ബി.ജെ.പി നേതാക്കളുടെ പങ്ക് തെളിയിക്കുന്ന രേഖകൾ പ്രത്യേക അന്വേഷണ സംഘം തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ചു. ടി.ആർ.എസ് എം.എൽ.എമാരെ കൂറുമാറ്റി ബി.ജെ.പിയിൽ എത്തിക്കാൻ തെലങ്കാനയിൽ നടത്തിയ നീക്കത്തിന്റെ തെളിവുകളാണ് ആയിരക്കണക്കിന് രേഖകളായി കോടതിയിൽ സമർപ്പിച്ചത്. തുഷാർ വെള്ളാപ്പളിയുടെ ഇടപെടൽ റിപ്പോർട്ടിൽ ഊന്നി പറയുന്നുണ്ട്. തെലുങ്കാന പൊലീസ് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച രേഖകൾ മീഡിയവണിന് ലഭിച്ചു.

തുടർച്ചയായി ഒന്നരവർഷം നീണ്ടുനിന്ന പ്രയത്‌നം കൂടിയാണ് ഓപ്പറേഷൻ താമരയെന്നു രേഖകൾ സഹിതം പ്രത്യേക അന്വേഷണ സംഘം കോടതിയിൽ കൈമാറിയ രേഖകളിൽ ഊന്നിപ്പറയുന്നു. പാർട്ടി മാറുന്നതിനായി ടി.ആർ.എസ് എം.എൽ.എമാർക്ക് നൽകാൻ കോടിക്കണക്കിനു രൂപയുമായി എത്തുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ഏജന്റുമാർക്ക് ബി.ജെ.പി നേതാക്കളുമായുള്ള അടുത്ത ബന്ധം തുറന്നു കാട്ടുന്നതാണ് രേഖകൾ.

അറസ്റ്റിലായ രാമചന്ദ്ര ഭാരതി, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷിനു അയച്ച വാട്‌സ്ആപ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് അടക്കം സമർപ്പിച്ചിട്ടുണ്ട്. രോഹിത് റെഡ്ഢി അടക്കം മൂന്ന് ടി.ആർ.എസ് എം.എൽ.എ മാരെ ബി.ജെ.പിയിൽ എത്തിക്കാനായിരുന്നു പദ്ധതി. മൂന്ന് പേരെ കാണിക്കാൻ ഉണ്ടെന്നു ബി.എൽ സന്തോഷിനോട് രാമചന്ദ്ര ഭാരതി വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ 26 നു ഇരുവരും ഹരിദ്വാറിൽ കൂടിക്കാഴ്ച നടത്തി. തുഷാർ വെള്ളാപ്പള്ളിയുമായി രാമചന്ദ്ര ഭാരതി പലവട്ടം സംസാരിക്കുന്നുണ്ട്. നിർണായക കൂടിക്കാഴ്ച ബി.എൽ സന്തോഷിന്റെ ഡൽഹിയിലെ താമസസ്ഥലത്ത് വച്ചാണ് നടത്തുന്നത്.

പണവുമായി പിടിയിലായ രണ്ടാം പ്രതി നന്ദുകുമാർ മൂന്നാം പ്രതി സിംഹയാജി എന്നിവരുമായി തുഷാർ വെള്ളാപ്പള്ളിയും ബി.എൽ സന്തോഷും നിൽക്കുന്ന ചിത്രം, യാത്ര രേഖ, ഫോൺ ലൊക്കേഷൻ, ഒപ്പമുണ്ടായിരുന്ന അഭിഭാഷകന്റെ മൊഴി എന്നിവയടക്കമാണ് ഹാജരാക്കിയിരിക്കുന്നത്. തുഷാർ വെള്ളാപ്പള്ളി, ഡോ ജഗ്ഗുസ്വാമി എന്നിവരുടെ വാട്‌സപ് ഗ്രൂപ്പ് കോൾ റെക്കോർഡിങ്, ശബ്ദ സന്ദേശത്തിന്റെ ഫോറൻസിക് റിപ്പോർട്ട് എന്നിവയും തെലങ്കാന പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു.

Similar Posts