India
ഓപ്പറേഷൻ താമര: തുഷാർ വെള്ളാപ്പള്ളിയെ ചോദ്യംചെയ്യാൻ തെലങ്കാന പൊലീസ്
India

ഓപ്പറേഷൻ താമര: തുഷാർ വെള്ളാപ്പള്ളിയെ ചോദ്യംചെയ്യാൻ തെലങ്കാന പൊലീസ്

Web Desk
|
17 Nov 2022 1:37 PM GMT

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശം

ഹൈദരാബാദ്: എം.എൽ.എമാരെ കൂറുമാറ്റാൻ ശ്രമിച്ചെന്ന ആരോപണത്തിൽ തുഷാർ വെള്ളാപ്പള്ളിയെ തെലങ്കാന പോലീസ് ചോദ്യംചെയ്യും. ഈ മാസം 21ന് ഹൈദരാബാദിലെ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് തുഷാറിന് നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ വിവിധയിടങ്ങളിൽ തെലങ്കാന പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നൽകിയത്.

തുഷാർ വെള്ളാപ്പള്ളി എം.എൽ.എമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവാണ് രംഗത്തെത്തിയത്. മുഖ്യമന്ത്രി തന്നെ ഉന്നയിച്ച ആരോപണമായതിനാൽ വിഷയത്തെ ഗൗരവമായാണ് പ്രത്യേക അന്വേഷസംഘം കാണുന്നത്. തുഷാർ വെള്ളാപ്പള്ളി 100 കോടി രൂപ വീതം നാല് എം.എൽ.എമാർക്ക് വാഗ്ദാനം ചെയ്തെന്നാണ് ചന്ദ്രശേഖര്‍ റാവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇതിനുപുറമെ 50 ലക്ഷം രൂപ വീതം കൂറുമാറാന്‍ ഭരണകക്ഷി എം.എൽ.എമാർക്ക് ബി.ജെ.പി വാഗ്ദാനം ചെയ്തെന്നും തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചു. ചില ദൃശ്യങ്ങളും ഫോട്ടോകളും അദ്ദേഹം ഹാജരാക്കിയിരുന്നു.

എന്നാൽ, ദൃശ്യങ്ങൾ വ്യാജമാണെന്നാണ് ബിജെപിയുടെ വാദം. തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഉയർന്ന ആരോപണവും കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി കിഷൻ റെഡ്ഡി തള്ളി. നാല് എം.എല്‍.എമാരെ കൂറുമാറ്റിയാല്‍ സർക്കാരിനെ അട്ടിമറിക്കാന്‍ കഴിയുമോ എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

തെലങ്കാനയിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് എത്തിയ മൂന്ന് ബി.ജെ.പി പ്രതിനിധികളെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചന്ദ്രശേഖര റാവു തുഷാറിനെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയത്. ഗോവയിലും മറ്റ് സംസ്ഥാനങ്ങളിലും ബി.ജെ.പി നടത്തിയ നീക്കത്തിന്റെ ആവർത്തനമാണ് തെലങ്കാനയിലും ലക്ഷ്യം വെച്ചതെന്നും 2024ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പിടിമുറുക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും കെ.സി.ആര്‍ പറഞ്ഞിരുന്നു.

Similar Posts