India
NDA
India

എൻഡിഎ ഘടക കക്ഷികൾ ജാതി സെൻസസ് ആവശ്യം ഉയർത്തിയതോടെ കുരുക്കിലായി ബി.ജെ.പി

Web Desk
|
31 Aug 2024 1:24 AM GMT

ജാതി സെൻസസിന് അനുകൂലമായ നിലപാടല്ല ബി.ജെ.പി ഇതുവരെ സ്വീകരിച്ചിരുന്നത്

ഡല്‍ഹി: എൻഡിഎ ഘടക കക്ഷികൾ ജാതി സെൻസസ് ആവശ്യം ഉയർത്തിയതോടെ ബി.ജെ.പി കുരുക്കിലായി. ജാതി സെൻസസിന് അനുകൂലമായ നിലപാടല്ല ബി.ജെ.പി ഇതുവരെ സ്വീകരിച്ചിരുന്നത് . ജെ.ഡി.യു സമ്മർദം തുടരുന്നതാണ് കേന്ദ്രത്തിനു വെല്ലുവിളി.

നടക്കാനിരിക്കുന്ന സെൻസസിനൊപ്പം ജാതി സെൻസസും നടത്തണമെന്ന പ്രതിപക്ഷ ആവശ്യം ജെഡിയു കൂടി ഏറ്റെടുത്തതോടെയാണ് ബി.ജെ.പി വെട്ടിലായത്. ബിഹാറിൽ ജാതി സർവേ നടത്തിയ നിതീഷ് കുമാറും എൽ.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനും ജാതി സെൻസസ് വേണമെന്ന് വാദിക്കുന്നവരാണ്. ജാതി സെൻസസ് ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിനു എതിരായതിനാലാണ് ബി.ജെ.പി പുറംതിരിഞ്ഞു നിൽക്കുന്നത്. 2021 ലെ സെൻസസിനൊപ്പം ജാതി സെൻസസും നടത്തുമെന്നാണ് ആദ്യം സർക്കാർ അറിയിച്ചിരുന്നെങ്കിലും, സംഘപരിവാർ സമ്മർദ്ദത്തെ തുടർന്ന് പിൻവലിയുകയിരുന്നു. ഒബിസി ക്ഷേമ സമിതിയുടെ ആദ്യയോഗത്തിൽ ,ജെ.ഡി.യുവിലെ ഗിരിധർ യാദവ് ജാതി സെൻസസ് ആവശ്യം ഉയർത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരം ജാതി സെൻസസിനായി ആവശ്യം ഉയർത്തുന്നുണ്ട്‌. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിമാരിൽ മൂന്നു പേര് മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളത് എന്ന വസ്തുത ഉയർത്തിയുള്ള രാഹുലിന്‍റെ വിമർശനത്തിന് മുന്നിൽ ബി.ജെ.പി പലപ്പോഴും പതറിപ്പോയി. ഒബിസി ക്ഷേമ സമിതിയുടെ അടുത്ത യോഗത്തിൽ ആദ്യ അജണ്ടയായി ജാതി സെൻസസ് ചർച്ച ചെയ്യണമെന്നതാണ് കോൺഗ്രസിന്‍റെ ആവശ്യം . ജാതി സെൻസസിന്‍റെ കാര്യത്തിൽ ടിഡിപി മൗനം പാലിക്കുന്നതിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ . അവർ കൂടി ഇക്കാര്യം ആവശ്യപ്പെട്ടാൽ ജാതി സെൻസസിന് ബി.ജെ.പിക്ക് വഴങ്ങേണ്ടിവരും.

Related Tags :
Similar Posts