മോദിയോട് കൊമ്പ് കോർത്തതിന് സസ്പെന്‍ഷന്‍; അധീർ രഞ്ജൻ ചൗധരിക്കെതിരായ നടപടിയിൽ പ്രതിഷേധമുയർത്താൻ പ്രതിപക്ഷം
|'അന്ധനായ രാജാവ് നാട് ഭരിക്കുമ്പോൾ മണിപ്പൂരിൽ സ്ത്രീകൾ ഉപദ്രവത്തിന് ഇരയാകുന്നു' എന്ന വാചകമാണ് അധീറിന്‍റെ സസ്പെന്‍ഷന് കാരണമായത്
ന്യൂഡല്‍ഹി: അധീർ രഞ്ജൻ ചൗധരിക്കെതിരായ അച്ചടക്ക നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. ലോക് സഭയിലെ കോൺഗ്രസിന്റെ സഭാകക്ഷി നേതാവായ അധീറിനെ മോശം പെരുമാറ്റത്തിന്റെ പേരിലാണ് പുറത്താക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കൊമ്പ് കോർത്താണ് അധീർ പുറത്തായത്.
അധീർ രഞ്ജൻ ചൗധരി സംസാരിക്കുമ്പോഴാണ് മോദി ലോക് സഭയിലേക്ക് കടന്നു വരുന്നത്. അന്ധനായ രാജാവ് നാട് ഭരിക്കുമ്പോൾ മണിപ്പൂരിൽ സ്ത്രീകൾ ഉപദ്രവത്തിന് ഇരയാകുന്നു എന്ന വാചകമാണ് പുറത്തേക്ക് നയിച്ചത്. അന്ധനായ ധൃതരാഷ്ട്രർ ഭരിച്ചപ്പോൾ ദ്രൗപതി വസ്ത്രാക്ഷേപത്തിന് ഇരയായി. ഇതുകൂടാതെ മണിപ്പൂർ സംഭവത്തിൽ മൗനം പാലിക്കുന്നതിനെ പറ്റി 'മൗനി' എന്നർത്ഥം വരുന്ന 'നീരവ്' എന്ന ഹിന്ദി വാക്കും ഉപയോഗിച്ചു. നീരവ് മോദി എന്ന വിളി ഭരണ പക്ഷ ബെഞ്ചിൽ കടുത്ത വിമർശനമാണ് തുറന്ന് വിട്ടത്.
മോശമായി പെരുമാറിയെന്ന പരാതി പ്രിവിലേജ് കമ്മിറ്റിക്ക് വിടുകയും റിപ്പോർട്ട് വരുന്നത് വരെ പുറത്താക്കുകയുമായിരുന്നു. റിപ്പോർട്ട് എന്ന് സമർപ്പിക്കണം എന്നു കൃത്യമായ ചട്ടമൊന്നുമില്ല. അത് കൊണ്ട് തന്നെ അനന്തമായി നീണ്ടികൊണ്ട് പോകാനും സാധിക്കും. ജനാധിപത്യ വിരുദ്ധ നടപടിയാണെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ ആയാൽ പോലും നിലവിലെ സമ്മേളന കാലയളവ് വരെ മാത്രമാണ് സസ്പെൻഡ് ചെയ്യാൻ കഴിയുന്നത്. റിപ്പോർട്ട് വരുന്നത് വരെയുള്ള പുറത്താക്കൽ ചട്ടവിരുദ്ധമാണെന്ന് ലോക്സഭാ മുൻ സെക്രട്ടറി ജനറൽ പിടിറ്റി ആചാരി പറയുന്നു.