പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ പ്രതിനിധി സംഘം മണിപ്പൂർ സന്ദർശിക്കും
|പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് ബി.എസ്.പിയും വൈ.എസ്.ആർ കോൺഗ്രസും വ്യക്തമാക്കി.
ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ പ്രതിനിധി സംഘം മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്വാധീനമുള്ള പാർട്ടികളുടെ നേതൃത്വത്തിലായിരിക്കും സന്ദർശനം. പ്രതിപക്ഷത്തെ 26 പാർട്ടികൾ ചേർന്ന് രൂപീകരിച്ച സഖ്യമാണ് ഇൻഡ്യ.
മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റ് തടസ്സപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. അതേസമയം അവിശ്വാസപ്രമേയത്തെ പിന്തുണക്കില്ലെന്ന് ബി.എസ്.പിയും വൈ.എസ്.ആർ കോൺഗ്രസും അറിയിച്ചു.
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിച്ചത് വൻ വിവാദമായ സാഹചര്യത്തിൽ തൃണമൂൽ കോൺഗ്രസിന്റെ അഞ്ചംഗ പ്രതിനിധി സംഘം മണിപ്പൂർ സന്ദർശിച്ചിരുന്നു. കഴിഞ്ഞ മാസം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രണ്ടു ദിവസം മണിപ്പൂരിൽ സന്ദർശനം നടത്തിയിരുന്നു.