India
Bihar governments caste survey report gives strength to the opposition demand for caste census, Bihar caste survey, Rahul Gandhi, Narendra Modi
India

ജാതി സെൻസസിനായി സമ്മർദം; അനുകൂലിച്ച് രാഹുൽഗാന്ധി, എതിർത്ത് ബി.ജെ.പി

Web Desk
|
3 Oct 2023 1:19 AM GMT

ജാതിയുടെ പേരിൽ പ്രതിപക്ഷം ഭിന്നിപ്പിനു ശ്രമിക്കുന്നതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി

ന്യൂഡല്‍ഹി: പ്രതിപക്ഷം ഉയർത്തുന്ന ജാതി സെൻസസ് എന്ന ആവശ്യത്തിന് ശക്തി പകര്‍ന്ന് ബിഹാർ സർക്കാരിന്റെ ജാതി സർവേ റിപ്പോർട്ട്. അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. അതേസമയം, ജാതിയുടെ പേരിൽ പ്രതിപക്ഷം ഭിന്നിപ്പിനു ശ്രമിക്കുന്നതായി പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ജനസംഖ്യയിൽ ഭൂരിപക്ഷമെങ്കിലും, സർക്കാരിലെ ഉയർന്ന ജോലികളിൽ ഉൾപ്പെടെ ന്യൂനപക്ഷമായ ഒ.ബി.സി വിഭാഗത്തിന്റെ ദുരവസ്ഥകളിലേക്ക് വെളിച്ചം വീശുന്നതാണ് ബിഹാറിലെ ജാതി സർവേ. ഒ.ബി.സി വിഭാഗം 63 ശതമാനം പേരുണ്ടെന്ന കണക്കാണ് ഗാന്ധി ജയന്തി ദിനത്തിൽ ബിഹാർ ചീഫ് സെക്രട്ടറി പുറത്തുവിട്ടത്. സാമൂഹ്യക്ഷേമ പദ്ധതികൾ, സാമൂഹ്യനീതി പാലിച്ചു വിതരണം ചെയ്യാൻ വേണ്ടിയുള്ള ആധാര രേഖയായി ഈ സർവേ കണക്കിലെടുക്കാം.

സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന തുടർനടപടികൾ സ്വീകരിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. സർവേ നടത്താൻ തീരുമാനിച്ചത് ബി.ജെ.പി ഉൾപ്പെട്ട എൻ.ഡി.എ സർക്കാരാണെന്ന് വ്യക്തമാക്കി, നേട്ടത്തിൽ പങ്കാളിയാകാനാണ് ബിഹാറിലെ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നത്. ഇക്കാര്യം അറിയിച്ച ശേഷം, പഠിച്ച ശേഷം പ്രതികരണമെന്നാണ് മുൻ ഉപമുഖ്യമന്ത്രിയും നിലവിലെ രാജ്യസഭാംഗവുമായ സുശീൽ കുമാർ മോദി പറഞ്ഞത്.

ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കാൻ ശ്രമം നടക്കുന്നതായി ജാതി സർവേ പുറത്തുവിട്ട് മണിക്കൂറുകൾക്കുള്ളിൽ പ്രധാനമന്ത്രി പ്രതികരിച്ചു. ജാതി സർവേയെക്കുറിച്ച് എടുത്ത് പറയാതെയായിരുന്നു പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെയുള്ള ഇന്‍ഡ്യ സഖ്യത്തിലെ പാർട്ടികൾ ജാതി സെൻസസിനായി ശബ്ദമുയർത്തിക്കഴിഞ്ഞു. തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങൾക്കു ജാതി സർവേ നടത്താൻ ധൈര്യം പകരുന്നതാണ് ബിഹാറിലെ നടപടി.

Summary: Bihar government's caste survey report gives strength to the opposition demand for caste census

Similar Posts