ശിവൻകുട്ടിയുടെ രാജിക്കായി സമ്മർദം ശക്തമാക്കി പ്രതിപക്ഷം; അടിയന്തര പ്രമേയമായി ഉന്നയിക്കും
|ശിവന്‍കുട്ടിയെ പ്രതിരോധിച്ചുള്ള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി സഭയില്‍ വിശദീകരിക്കും
നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടാനൊരുങ്ങുന്ന മന്ത്രി വി. ശിവന്‍കുട്ടി രാജിവയ്ക്കണമെന്നാവശ്യം പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയമുന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ശിവന്‍കുട്ടിയെ പ്രതിരോധിച്ചുള്ള സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി സഭയില്‍ വിശദീകരിക്കും.
മലപ്പുറം ജില്ലയില്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ വേണമെന്നാവശ്യം എം.കെ മുനീര്‍ ശ്രദ്ധ ക്ഷണിക്കലിലൂടെ ഉന്നയിക്കും. മരം മുറി വിവാദമുമായി ബന്ധപ്പെട്ട ചോദ്യങ്ങളും സഭയില്‍ ഉണ്ടാകും. ഗതാഗത,ഫിഷറീസ് വകുപ്പുകളുടെ ധനാഭ്യര്‍ത്ഥനയാണ് ഇന്ന് സഭയില്‍ നടക്കുന്നത്.
അതേസമയം ശിവന്‍കുട്ടി രാജിവെക്കുക,ക്രിമിനലുകൾക്ക് വേണ്ടി പൊതുഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കലക്ട്രേറ്റുകള്‍ക്ക് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്താനാണ് തീരുമാനം. നാളെ വൈകുന്നേരം ഇതേ ആവശ്യം ഉന്നയിച്ച് മണ്ഡലം തലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും.