India
ബജറ്റിലെ വിവേചനം; സമരമുഖരിതമായി പാർലമെന്റ്
India

ബജറ്റിലെ വിവേചനം; സമരമുഖരിതമായി പാർലമെന്റ്

Web Desk
|
24 July 2024 7:40 AM GMT

സംസ്ഥാനങ്ങളെ ഇത്രയും അവഗണിച്ച ബജറ്റ് കണ്ടിട്ടില്ലെന്ന് മല്ലികാർജുൻ ഖാർഗെ

ഡൽഹി: ബജറ്റിൽ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് വിവേചനം കാട്ടിയെന്നാരോപിച്ച് പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം. സംസ്ഥാനങ്ങളെ ഇത്രയും അവഗണിച്ച ബജറ്റ് ഇതുവരെ കണ്ടിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

ബജറ്റിലെ വിവേചനത്തിനെതിരെ രാവിലെ മുതൽ സമരമുഖരിതമാണ് പാർലമെ​ന്റ്. കവാടത്തിൽ ഇൻഡ്യ സഖ്യത്തിലെ എം.പിമാർ രാവിലെ പ്രതിഷേധ ധർണ നടത്തി. ഇന്ത്യയ്ക്ക് വേണ്ടിയുള്ള ബജറ്റ് അല്ലെന്നും സംസ്ഥാനങ്ങളെ അവഗണിച്ചുവെന്നും ഭരണം നിലനിർത്താനായി ബജറ്റ് ഉപയോഗിച്ചു എന്നായിരുന്നു ആരോപണം.

ബജറ്റിലെ അവഗണന രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് എണ്ണിയെണ്ണിപ്പറഞ്ഞു. ചില ആളുകളെ സന്തോഷിപ്പിക്കാനും സർക്കാരിനെ രക്ഷിക്കാനുമായി രണ്ട് സംസ്ഥാനങ്ങൾക്ക് ബജറ്റ് വിഹിതം നൽകി. ആരെയെങ്കിലും പ്രീതിപ്പെടുത്താനും കസേര സംരക്ഷിക്കാനുമാണ് മോദി സർക്കാർ ​ശ്രമിക്കുന്നത്. ബി.ജെ.പിയുടെ സഖ്യകക്ഷിയായ ആന്ധ്രാപ്രദേശിനും ബിഹാറിനും കേന്ദ്ര ബജറ്റിൽ പ്രത്യേക വിഹിതം അനുവദിച്ചു. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ സർക്കാർ അവഗണിച്ചു. തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം വിജയിക്കുകയും ബിജെപിയെ തോൽപ്പിക്കുകയും ചെയ്ത സംസ്ഥാനങ്ങൾക്ക് ഒന്നും നൽകിയി​ല്ലെന്നും ഖാർഗെ ചോദിച്ചു.

യുപിഎ കാലത്തും സംസ്ഥാനങ്ങളുടെ പേരുകൾ ബജറ്റിൽ എടുത്ത് പറഞ്ഞിട്ടില്ലെന്നായിരുന്നു ധനമന്ത്രി നിർമല സീതാരാമന്റെ മറുപടി. അതിനർത്ഥം സംസ്ഥാനങ്ങൾക്ക് സഹായം ഇല്ലെന്നല്ല, ബംഗാളും മഹാരാഷ്ട്രയും ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ വിഹിതം നൽകിയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ റെയിൽവേ പദ്ധതികൾ മുന്നോട്ട് പോകാത്തത് സംസ്ഥാന സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകാത്തത് കൊണ്ടാണെന്നായിരുന്നു അടൂർ പ്രകാശിന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് മറുപടി നൽകിയത്. 459 ഹെക്റ്റർ ഭൂമി വേണ്ട സ്ഥലത്ത് കേരളം നൽകിയത് 62 ഹെക്റ്റർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം പ്രതിഷേധി​ച്ചെങ്കിലും മുഴുവൻ സമയത്തേക്ക് ഇറങ്ങിപോയില്ല. സംസാരിക്കാൻ അവസരം ലഭിച്ച എംപിമാർ പ്രസംഗത്തിനിടെ പ്രതിഷേധം അറിയിക്കുകയായിരുന്നു.

Similar Posts