India
രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം ഇന്ന്
India

രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം ഇന്ന്

Web Desk
|
21 Jun 2022 12:46 AM GMT

ഗോപാൽ കൃഷ്ണ ഗാന്ധി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയതോടെയാണ് പുതിയ പേരിലേക്ക് പ്രതിപക്ഷം നീങ്ങുന്നത്. ബിജെപി വിട്ട് തൃണമൂലിൽ ചേർന്ന മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുടെ പേര് ചില നേതാക്കൾ മുന്നോട്ട് വെച്ചിട്ടുണ്ട്.

ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗം ഇന്ന്. ശരദ് പവാറിന്റെ അധ്യക്ഷതയിൽ പാർലമെന്റ് അനക്‌സിലാണ് യോഗം ചേരുക. മുൻകേന്ദ്രമന്ത്രിയും തൃണമൂൽ നേതാവുമായ യശ്വന്ത് സിൻഹയുടെ പേര് ചില നേതാക്കൾ മുന്നോട്ട് വെച്ചതായാണ് സൂചന. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും .

ഗോപാൽ കൃഷ്ണ ഗാന്ധി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയതോടെയാണ് പുതിയ പേരിലേക്ക് പ്രതിപക്ഷം നീങ്ങുന്നത്. ബിജെപി വിട്ട് തൃണമൂലിൽ ചേർന്ന മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയുടെ പേര് ചില നേതാക്കൾ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാൽ കോൺഗ്രസിനും ഇടത് പാർട്ടികൾക്കും യശ്വന്ത് സിൻഹ മത്സരിക്കുന്നതിൽ എതിർപ്പുള്ളതായാണ് സൂചന. ടിഎംസിയിൽനിന്ന് രാജിവെച്ചാൽ പിന്തുണ നൽകാമെന്നാണ് നിലപാട്. ഇന്നലെ വൈകീട്ട് ശരദ് പവാറിന്റെ അധ്യക്ഷതയിൽ ഡൽഹിയിൽ യോഗം ചേർന്നിരുന്നു.

കോൺഗ്രസ്,സിപിഎം പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് പ്രതിപക്ഷ ഐക്യം ഊട്ടി ഉറപ്പിക്കാനുള്ള ശ്രമമാണ് നേതാക്കൾ നടത്തുന്നത്. ശരദ് പവാറിന്റെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ സ്ഥാനാർഥി കാര്യത്തിൽ തീരുമാനമുണ്ടായേക്കും.ഉച്ചക്ക് 2.30ന് പാർലമെന്റ് അനക്‌സിലാണ് യോഗം. കോൺഗ്രസിൽ നിന്ന് ജയ്‌റാം രമേശും, മല്ലികാർജുൻ ഖാർഗെയും പങ്കെടുക്കും, സിപിഎം ജനറൽ സെക്രട്ടറി സീതാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും യോഗത്തിനെത്തും. മമതാ ബാനർജിക്ക് അസൗകര്യമുള്ളതിനാൽ അഭിഷേക് ബാനർജിയാണ് തൃണമൂലിനെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുക.

Similar Posts