24 പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ബംഗളൂരുവിൽ
|ജൂലൈ 20ന് തുടങ്ങുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒറ്റക്കെട്ടായി നിൽക്കുക എന്നത് കൂടിയാണ് പ്രതിപക്ഷ യോഗത്തിന്റെ ലക്ഷ്യം.
ബംഗളൂരു: പ്രതിപക്ഷപാർട്ടികളുടെ യോഗം ഇന്നും നാളെയുമായി ബംഗളൂരുവിൽ നടക്കും. കോൺഗ്രസ് ആദ്യമായിട്ടാണ് യോഗത്തിന് ആതിഥ്യം വഹിക്കുന്നത്. 24 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വിരുന്ന് നൽകും. മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ് (എം), കേരളാ കോൺഗ്രസ് (ജെ), ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളെയും ഇത്തവണ യോഗത്തിനു വിളിച്ചിട്ടുണ്ട്. ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ആം ആദ്മി പാർട്ടിയും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ സഖ്യത്തെ നേരിടാൻ എൻ.ഡി.എയും വിശാല മുന്നണി യോഗം ഡൽഹിയിൽ വിളിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് മെഗാ എൻ.ഡി.എ യോഗം നടക്കുന്നത്. ജൂലൈ 20ന് തുടങ്ങുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒറ്റക്കെട്ടായി നിൽക്കുക എന്നത് കൂടിയാണ് പ്രതിപക്ഷ യോഗത്തിന്റെ ലക്ഷ്യം.
മുന്നണിയിൽ ഇല്ലാത്ത നാല് പാർട്ടികളെ കൂടി എൻ.ഡി.എ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വിട്ട ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ച, ഉപേന്ദ്ര കുശ് വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടി, മുകേഷ് സാഹ്നിയുടെ വികാസ് ശീൽ ഇൻസാൻ പാർട്ടി എന്നിവർക്കാണ് ക്ഷണം. ഇവരെക്കൂടി എൻ.ഡി.എയിൽ ഉൾപ്പെടുത്തും.