India
Opposition MPs jab BJP over Parliament roof leakage
India

പുതിയ പാർലമെന്റ് മന്ദിരത്തിൽ ചോർച്ച; അന്വേഷണത്തിന് പ്രത്യേക കമ്മിറ്റി വേണമെന്ന് കോൺഗ്രസ്

Web Desk
|
1 Aug 2024 9:29 AM GMT

ബി.ജെ.പി സർക്കാർ നിർമിച്ച എല്ലാ കെട്ടിടവും ചോർന്നൊലിക്കുന്നത് പ്രത്യേക ഡിസൈൻ ആയതുകൊണ്ടാണോ എന്ന് അഖിലേഷ് യാദവ് പരിഹസിച്ചു.

ന്യൂഡൽഹി: കനത്ത മഴയിൽ ചോർന്നൊലിച്ച് പുതിയ പാർലമെന്റ് മന്ദിരം. മന്ദിരത്തിന്റെ നിർമാണത്തെക്കുറിച്ച് അന്വേഷണത്തിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പി മണിക്കം ടാഗോർ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. പാർലമെന്റ് കെട്ടിടം ചോർന്നൊലിക്കുന്നതിന്റെ വിഡിയോയും അദ്ദേഹം പങ്കുവച്ചു.

പാർലമെന്റ് ലോബിക്ക് അകത്തും പ്രസിഡന്റ് പാർലമെന്റിലേക്ക് വരുന്ന വഴിയിലും ചോർച്ചയുണ്ടെന്ന് അദ്ദേഹം നോട്ടീസിൽ പറഞ്ഞു. നിർമാണം പൂർത്തിയായി ഒരു വർഷത്തിനകം കെട്ടിടത്തിൽ ചോർച്ചയുണ്ടായത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടം വിശദമായി പരിശോധിക്കാൻ എല്ലാ പാർട്ടിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക കമ്മിറ്റി രൂപീകരിക്കണം. ചോർച്ചയുടെ കാരണവും നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കളും വിശദമായി പരിശോധിച്ച ശേഷം ആവശ്യമായ അറ്റകുറ്റപ്പണികൾ കമ്മിറ്റി നിർദേശിക്കണമെന്നും മണിക്കം ടാഗോർ നോട്ടീസിൽ പറഞ്ഞു.

പുതിയതിനെക്കാൾ നല്ലത് പഴയ പാർലമെന്റ് മന്ദിരമാണെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. പുതിയ മന്ദിരത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ പഴയ മന്ദിരത്തിലേക്ക് മടങ്ങുന്നത് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സർക്കാറിന്റെ കാലത്ത് പുതുതായി നിർമിച്ച എല്ലാ കെട്ടിടങ്ങളുടെയും മേൽക്കൂര ചോർന്നൊലിക്കുന്നത് ഏതെങ്കിലും പ്രത്യേക ഡിസൈൻ മൂലമാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമാണോ എന്ന് ആളുകൾ ചോദിക്കുന്നെന്നും അഖിലേഷ് പരിഹസിച്ചു.

20,000 കോടി രൂപ ചെലവിൽ കേന്ദ്ര സർക്കാർ നിർമിക്കുന്ന സെൻട്രൽ വിസ്ത പ്രൊജക്ടിന്റെ ഭാഗമായാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചത്. 2023 മെയ് 28നാണ് പുതിയ മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്.

Similar Posts