India
സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നല്ലേ പ്രധാനമന്ത്രിയുടെ വാഗ്ദാനം; 30500 കോടി നിക്ഷേപിക്കപ്പെട്ട വാർത്തയിൽ വൻ വിമർശനം
India

'സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നല്ലേ പ്രധാനമന്ത്രിയുടെ വാഗ്ദാനം'; 30500 കോടി നിക്ഷേപിക്കപ്പെട്ട വാർത്തയിൽ വൻ വിമർശനം

Web Desk
|
18 Jun 2022 9:43 AM GMT

സ്വിസ് ബാങ്കിലുള്ളതെല്ലാം കള്ളപ്പണമല്ല. അവിടെയുള്ള തുകയിൽ പലതും നിയമാനുസൃതമായ ബിസിനസ് കാരണങ്ങളാൽ നിക്ഷേപിക്കപ്പെട്ടതാണ്: ബിജെപി വക്താവ് ശഹ്‌സാദ് പൂനാവാല

ന്യൂഡൽഹി: സ്വിറ്റ്‌സർലാൻഡിലെ ബാങ്കിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നല്ലേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനമെന്ന് ഓർമിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷം. സ്വിസ് ബാങ്കുകളിൽ ഇന്ത്യൻ കമ്പനികളുടെയും വ്യവസായികളുടെയും നിക്ഷേപം 14 വർഷത്തെ ഉയർന്ന നിരക്കിലെത്തിയ വാർത്ത ഉയർത്തിക്കാട്ടിയാണ് രാഹുൽ ബിജെപിയുടെ വാഗ്ദാനലംഘനത്തെ ചോദ്യം ചെയ്തത്. 3.83 ബില്യൺ സ്വിസ് ഫ്രാങ്ക് (30500 കോടിയിലേറെ ഇന്ത്യൻ രൂപ) നിക്ഷേപമാണ് 2021ൽ ഇന്ത്യക്കാർക്കുള്ളതെന്ന് സ്വിറ്റ്സർലാൻഡ് സെൻട്രൽ ബാങ്ക് (എസ്.എൻ.ബി) വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പറയുന്നുണ്ട്.


Wasn't it the Prime Minister's promise to bring back every Rupee of black money stashed abroad?

Posted by Rahul Gandhi on Friday, June 17, 2022


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയും സർക്കാറിനെതിരെ വിമർശനവുമായെത്തി. ''2014 മുതൽ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം ഇരട്ടിയിലധികമായിരിക്കുകയാണ്. മോദിജിയുടെ സ്യൂട്ട് ബൂട്ട് സുഹൃത്തുക്കൾ മുമ്പെന്നത്തേക്കാളും കൂടുതൽ സമ്പത്ത് വിദേശ അക്കൗണ്ടുകളിൽ ഒളിപ്പിച്ചിരിക്കുകയാണ്'' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.


''2014ൽ അധികാരത്തിലെത്തിയ മോദി നൂറു ദിവസത്തിനുള്ളിൽ വിദേശ ബാങ്കുകളിലെ കള്ളം പണം തിരികെയെത്തിക്കുമെന്ന് വാക്ക് നൽകി, 2016ൽ നോട്ട് നിരോധിച്ച് 50 ദിവസത്തിനകം കള്ളപ്പണം കൊണ്ട്‌വരുമെന്ന് പറഞ്ഞു. പക്ഷേ ഇപ്പോൾ, മോദി ഭരണത്തിന്റെ എട്ടു വർഷത്തിന് ശേഷം സ്വിസ് ബാങ്കുകളിൽ 14 വർഷത്തിലെ ഏറ്റവും വലിയ വർധനവായ 30600 കോടിയാണ് ഇന്ത്യയിൽ നിന്നുള്ള നിക്ഷേപം'' സിപിഎം ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചു.


'മോദിയുണ്ടെങ്കിൽ അത് സാധ്യമാണെ'ന്ന കുറിപ്പോടെ ആംആദ്മി പാർട്ടിയും സർക്കാറിനെ വിമർശിച്ചു. എന്നാൽ ബിജെപി വക്താവ് ശഹ്‌സാദ് പൂനാവാല വിമർശനങ്ങൾക്കെതിരെ രംഗത്ത് വന്നു. ''മിത്ത് വിഎസ് റിയാലിറ്റി, എല്ലാ വർഷവും ഈ ഡാറ്റ പുറത്തുവരുന്നുണ്ട്, എല്ലാ വർഷവും അവരുടെ ആശയങ്ങൾ / മിഥ്യകൾ തീർക്കേണ്ടതുണ്ട്. സ്വിസ് ബാങ്കിലുള്ളതെല്ലാം കള്ളപ്പണമല്ല. അവിടെയുള്ള തുകയിൽ പലതും നിയമാനുസൃതമായ ബിസിനസ് കാരണങ്ങളാൽ നിക്ഷേപിക്കപ്പെട്ടതാണ്'' പൂനാവാല വ്യക്തമാക്കി.



2020 അവസാനത്തിൽ 2.55 ബില്യൺ സ്വിസ് ഫ്രാങ്ക് (20700 കോടി രൂപ) ആയിരുന്നു ഇന്ത്യൻ നിക്ഷേപം. തുടർച്ചയായ രണ്ടാം വർഷമാണ് നികുതിയിളവുകൾ ഏറെയുള്ള സ്വിസ് ബാങ്ക് നിക്ഷേപങ്ങളിൽ വർധന റിപ്പോർട്ടു ചെയ്യപ്പെട്ടത്. ഒരു വർഷത്തിനിടെ മാത്രം പതിനായിരം കോടി രൂപയാണ് സ്വിറ്റ്‌സർലാൻഡിൽ നിക്ഷേപിക്കപ്പെട്ടത്. വ്യക്തികൾ നേരിട്ടും കമ്പനികളുടെ ഇന്ത്യൻ ശാഖകളുടെ പേരിലുമാണ് പ്രധാനമായും നിക്ഷേപം.


ഉപഭോക്താക്കളുടെ പേരിൽ 602.03 ദശലക്ഷവും മറ്റു ബാങ്കുകൾ വഴി 1,225 ദശലക്ഷവും ട്രസ്റ്റുകൾ വഴി 3 ദശലക്ഷം സ്വിസ് ഫ്രാങ്കും നിക്ഷേപിച്ചിട്ടുണ്ട്. കടപ്പത്രങ്ങൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ മാർഗങ്ങളിലൂടെ 2002 ദശലക്ഷം ഫ്രാങ്കും നിക്ഷേപമായുണ്ട്.


2006ൽ 6.5 ബില്യൺ സ്വിസ് ഫ്രാങ്കിന്റെ നിക്ഷേപമാണ് ഇന്ത്യക്കാർക്കുണ്ടായിരുന്നത്. പിന്നീട് അത് താഴേക്കു പോകുന്ന പ്രവണതയായിരുന്നു. എന്നാൽ 2011, 2013, 2017, 2020, 2021 വർഷത്തിൽ നിക്ഷേപം മുകളിലോട്ടാണെന്ന് സ്വിസ് നാഷണൽ ബാങ്ക് ഡാറ്റ പറയുന്നു. ഇന്ത്യക്കാർ സ്വിസ് ബാങ്കുകളിൽ സൂക്ഷിക്കുന്ന പണത്തിന്റെ ഔദ്യോഗിക കണക്കു മാത്രമാണിത്. ഏറെ ചർച്ച ചെയ്യപ്പെട്ട കള്ളപ്പണത്തിന്റേതല്ല.



Opposition parties have criticized Modi government over its handling of Swiss bank black money

Similar Posts