ലോക്സഭ തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12ന് പട്നയിൽ
|മുതിർന്ന പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും
ബീഹാർ: പ്രതിപക്ഷ ഐക്യരൂപീകരണ ചർച്ചകളുടെ ഭാഗമായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12 ന് ബീഹാറിലെ പാട്നയിൽ നടക്കും. 2024 ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പ്രധാന ചർച്ചയാവും. മുതിർന്ന പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. 18 പ്രതിപക്ഷ പാർട്ടികളിലധികം യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ബീഹാറിലെ മഹാസഖ്യ മാതൃകയിൽ ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനായിരിക്കും നിതീഷ് കുമാറിന്റെ ശ്രമം.
മഹാരാഷ്ട്രയിൽ നിന്ന് എൻസിപി നേതാവ് ശരദ് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും പങ്കെടുക്കും. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും യുപിയിൽ നിന്നു സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും യോഗത്തിനെത്തിയേക്കും.
പ്രതിപക്ഷ ഐക്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഈ യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്ന് ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ നേരത്തെ പറഞ്ഞിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞങ്ങൾ ഒരുമിച്ച് ഇരുന്ന് ചർച്ച ചെയ്യുമെന്നാണ് നിതീഷ് കുമാർ പറഞ്ഞത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ മാസം കൊൽക്കത്തയിൽ നിതീഷ് കുമാറിനെയും തേജസ്വി യാദവിനെയും കണ്ടിരുന്നു. മമതയെ കണ്ടതിന് ശേഷം നിതീഷ് കുമാറും തേജസ്വിയും അന്നുതന്നെ ലഖ്നൗവിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ കാണുകയും പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു.
അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും 21 പ്രതിപക്ഷ പാർട്ടികൾ വിട്ടു നിന്നു. ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതിയെ പങ്കെടുപ്പിക്കാത്തതിനെതിരെയാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. കോൺഗ്രസ് ഉൾപ്പടെയുള്ള 21 പാർട്ടികളാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹിഷ്കരിച്ചത്. പുതിയ പാർലമെൻ്റ് നിർമാണം സംബന്ധിച്ചും ഉദ്ഘാടനം സംബന്ധിച്ചും മുതിർന്ന പാർലമെൻ്റ് അംഗങ്ങളുമായി ചർച്ച നടത്താത്ത കേന്ദ്ര സർക്കാർ നടപടിയെ എൻസിപി അധ്യക്ഷൻ ശരദ് പവാറും വിമർശിച്ചിട്ടുണ്ട്. പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടി കൂടി ട്വീറ്റ് ചെയ്താണ് ആർജെഡി പുതിയ കെട്ടിടത്തിൻ്റെ ഘടനയെ ശവപ്പെട്ടിയോട് ഉപമിച്ചത്. വിവാദങ്ങൾ ശക്തമായതോടെ സംവാദങ്ങൾ നടക്കാത്ത പാർലമെൻ്റ് ജനാധിപത്യത്തിൻ്റെ ശവപ്പെട്ടി ആയെന്നാണ് തങ്ങൾ ഉദ്ദേശിച്ചത് എന്ന് ആർജെഡി അവകാശപ്പെട്ടു.