പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗം മാറ്റിവെച്ചു
|പുതിയ തിയ്യതി തീരുമാനിച്ചിട്ടില്ല
ബെംഗളൂരു: പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ യോഗം മാറ്റിവെച്ചു. ബംഗളൂരുവിൽ ജൂലൈ 13ന് നടക്കേണ്ടിയിരുന്ന യോഗമാണ് മാറ്റിവെച്ചത്. വിവിധ നിയമസഭാ സമ്മേളനങ്ങളും പാർലമെന്റ് വർഷകാല സമ്മേളനവും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ജെ.ഡി.യു വക്താവ് കെ.സി ത്യാഗി അറിയിച്ചു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിച്ച് ആഗസ്ത് 20 വരെ തുടരും. ബിഹാർ നിയമസഭയുടെ വര്‍ഷകാല സമ്മേളനം ജൂലൈ 10 മുതൽ 14 വരെയാണ്. കർണാടക നിയമസഭയുടെ ബജറ്റ്-മൺസൂൺ സമ്മേളനം ജൂലൈ 3 മുതൽ 14 വരെ നടക്കും. ഈ പശ്ചാത്തലത്തിലാണ് ബെംഗളൂരുവിലെ നിർദിഷ്ട യോഗം മാറ്റിവെച്ചതെന്നാണ് വിശദീകരണം.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും മൺസൂൺ സമ്മേളനത്തിന്റെ തിരക്കിലായതിനാൽ ബെംഗളൂരു സമ്മേളനം മാറ്റിവയ്ക്കണമെന്ന് ആർ.ജെ.ഡിയും ജെ.ഡി.യുവും നേരത്തെ കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. കർണാടക നിയമസഭയുടെ മൺസൂൺ സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 13, 14 തിയ്യതികളിലെ ബെംഗളൂരുവിലെ യോഗം മാറ്റിവയ്ക്കാൻ കർണാടക കോൺഗ്രസ് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം എന്‍.സി.പിയിലെ പിളര്‍പ്പും യോഗം മാറ്റിവെയ്ക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് സൂചന. എന്‍.സി.പി നേതാവ് ശരത് പവാറാണ് നേരത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗത്തിന്റെ തിയ്യതിയും സ്ഥലവും പ്രഖ്യാപിച്ചത്. ആദ്യം ഷിംലയിലായിരുന്നു യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
ജൂൺ 23ന് പട്നയിലാണ് പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം ചേര്‍ന്നത്. 15 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന ആദ്യ യോഗത്തില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ച് അണിനിരക്കുമെന്ന് പ്രഖ്യാപിച്ചു. രണ്ടാം യോഗത്തില്‍ ഓരോ സംസ്ഥാനത്തും ബി.ജെ.പിയെ എങ്ങനെയാണ് നേരിടേണ്ടത് എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലാണ് യോഗം നടക്കേണ്ടിയിരുന്നത്. അതിനിടെയാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച് എന്‍.സി.പിയില്‍ പിളര്‍പ്പുണ്ടായത്. രണ്ടാം യോഗം എന്നു നടക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല.