India
Opposition Should Congratulate, Not Boycott GN Azad On New Parliament Inauguration
India

ബഹിഷ്‌കരിക്കുകയല്ല, പാർലമെന്റ് മന്ദിരം യാഥാർഥ്യമാക്കിയ ബി.ജെ.പിയെ അഭിനന്ദിക്കുകയാണ് വേണ്ടത്: ഗുലാം നബി ആസാദ്

Web Desk
|
27 May 2023 4:18 PM GMT

പ്രതിപക്ഷത്തിന് ദ്രൗപദി മുർമുവിനോട് അത്രക്ക് ബഹുമാനമുണ്ടെങ്കിൽ പിന്നെ എന്തിനാണ് അവർക്കെതിരെ സ്ഥാനാർഥിയെ നിർത്തിയതെന്ന് ഗുലാം നബി ചോദിച്ചു.

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് ഗുലാം നബി ആസാദ്. ബഹിഷ്‌കരിക്കുകയല്ല തങ്ങൾക്ക് സാധ്യമാകാത്ത പുതിയ പാർലമെന്റ് മന്ദിരമെന്ന സ്വപ്‌നം യാഥാർഥ്യമാക്കിയ ബി.ജെ.പി സർക്കാരിനെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരം അനിവാര്യമായിരുന്നു. അതിന്റെ ഉദ്ഘാടനം നിർവഹിക്കുന്നത് പ്രധാനമന്ത്രിയാണോ രാഷ്ട്രപതിയാണോ എന്നത് വലിയ വിഷയമല്ല. ഉദ്ഘാടന ദിവസം ഡൽഹിയിൽ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ചടങ്ങിൽ പങ്കെടുക്കുമായിരുന്നു. എന്നാൽ മറ്റൊരു പരിപാടിയുള്ളതിനാൽ ചടങ്ങിനെത്താനാകില്ല. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നും ഗുലാം നബി പറഞ്ഞു.

പാർലമെന്ററി കാര്യമന്ത്രിയായിരുന്ന കാലത്ത് മുൻ പ്രധാനമന്ത്രി നരസിംഹ റാവുവുമായും ശിവരാജ് പാട്ടീലുമായും ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഏകദേശ രൂപരേഖയുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾക്കത് യാഥാർഥ്യമാക്കാനായില്ല. ഇപ്പോൾ അത് പൂർത്തിയായിരിക്കുന്നു. എം.പിമാരുടെ എണ്ണം ഇരട്ടിയാവുകയും നിലവിലെ പാർലമെന്റ് അപര്യാപ്തമാവുകയും ചെയ്ത സാഹചര്യത്തിൽ ഇത് വളരെ അനിവാര്യമായ തീരുമാനമായിരുന്നു. റെക്കോർഡ് വേഗത്തിൽ നിർമാണം പൂർത്തിയാക്കിയ സർക്കാരിനെ അഭിനന്ദിക്കുന്നുവെന്നും ഗുലാം നബി പറഞ്ഞു.

പ്രധാനമന്ത്രിയാണോ പ്രസിഡന്റ് ആണോ ഉദ്ഘാടനം ചെയ്യുന്നത് എന്നതിൽ പ്രസക്തിയില്ല. ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കിയത് ബി.ജെ.പിയാണ്. പ്രതിപക്ഷത്തിന് അവരോട് അത്രക്ക് ബഹുമാനമുണ്ടെങ്കിൽ എന്തിനാണ് അവർക്കെതിരെ സ്ഥാനാർഥിയെ നിർത്തിയതെന്നും ഗുലാം നബി ചോദിച്ചു.

മെയ് 28-ന് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രപതിയാണ് പാർലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടത് എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

Similar Posts