India
Rahul Gandhi

സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നു

India

'ജനപിന്തുണ കണ്ണ് നനയിക്കുന്നു, സ്നേഹത്തിന്‍റെ സന്ദേശങ്ങൾ രാജ്യത്തെ നയിക്കട്ടെ'; വികാരാധീനനായി രാഹുല്‍, ഭാരത് ജോഡോ യാത്രയ്ക്ക് സമാപനം

Web Desk
|
30 Jan 2023 8:37 AM GMT

കന്യാകുമാരി മുതൽ കശ്മീർ വരെ പദയാത്ര നടത്തുന്നത് പ്രശ്‌നമായി തോന്നിയില്ലെന്ന് രാഹുല്‍ പറഞ്ഞു

ശ്രീനഗര്‍: ജമ്മുകശ്മീരിലെത്തുന്നത് സ്വന്തം വീട്ടിലെത്തുന്നതു പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ശ്രീനഗറില്‍ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 11 പ്രതിപക്ഷ പാർട്ടികളാണ് സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചുകൊണ്ട് നൂറുകണക്കിനാളുകളാണ് രാഹുലിനെ കാണാന്‍ തടിച്ചുകൂടിയത്.

കന്യാകുമാരി മുതൽ കശ്മീർ വരെ പദയാത്ര നടത്തുന്നത് പ്രശ്‌നമായി തോന്നിയില്ലെന്ന് രാഹുല്‍ പറഞ്ഞു. പ്രസംഗത്തിലുടനീളം വികാരധീനനായിട്ടാണ് രാഹുല്‍ സംസാരിച്ചത്. രാജ്യത്തിന്‍റെ ശക്തി നിങ്ങൾക്കൊപ്പമുണ്ട്. രാജ്യo മുഴുവൻ നടന്നത് പ്രയാസമായി തോന്നിയില്ല. ജനപിന്തുണയിലാണ് യാത്ര പൂർത്തിയാക്കിയത്. പിന്തുണ കണ്ണ് നനയിക്കുന്നു. നിരവധി പേരെ കണ്ടു. അവരുടെ അനുഭവങ്ങളിലൂടെ കടന്നുപോയി. നടന്നപ്പോൾ കാൽമുട്ടിനു വേദന അനുഭവപ്പെട്ടിരുന്നു. ആ വേദന പോലും മറന്നത് യാത്രക്കിടയിൽ ലഭിച്ച പിന്തുണയിലാണ്. കരഞ്ഞുകൊണ്ട് നിരവധി സ്ത്രീകൾ അവരുടെ ജീവിതം പറഞ്ഞു.

തണുത്തു വിറച്ചു നാലു കുട്ടികൾ അടുത്ത് വന്നു, അവർക്ക് തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ഇല്ലായിരുന്നു. ആ നിമിഷം മുതലാണ് ജാക്കറ്റോ സ്വെറ്ററോ ഇല്ലാതെ അവരെ പോലെ നടക്കാൻ തുടങ്ങിയത്. ജീവിക്കുകയാണെങ്കിൽ പേടി കൂടാതെ ജീവിക്കണം. അതാണ് എന്നെ കുടുംബവും ഗാന്ധിജിയും പഠിപ്പിച്ചത്. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചും രാഹുല്‍ ഓര്‍മിച്ചു. മോദി, അമിത് ഷാ, ബി.ജെ.പി നേതാക്കൾക്ക് ഇത് മനസിലാകില്ല. എനിക്കും സഹോദരിക്കും മനസിലാവും. ബി.ജെ.പിയിലെ നേതാക്കൾ കാശ്മീരിലൂടെ യാത്ര ചെയ്യില്ല. കശ്മീരികളുടെ സങ്കടം ബിജെപി നേതാക്കൾക്ക് തിരിച്ചറിയാൻ കഴിവില്ല. ഇത്തരം അനുഭവം നിരവധി കശ്മീരി കുടുംബങ്ങൾക്ക് ഉണ്ടായിരിക്കാം. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തോട് ഒരുമിച്ച് പോരാടുമെന്നും രാഹുല്‍ പറഞ്ഞു.

Similar Posts