India
adani vs modi
India

അമേരിക്കയിൽ അദാനിക്കെതിരെ കേസെടുത്തിട്ടും മൗനം പാലിച്ച് കേന്ദ്ര സർക്കാർ

Web Desk
|
22 Nov 2024 7:51 AM GMT

അദാനിയെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയാണ് ബിജെപി ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്

ഡല്‍ഹി: ഇന്ത്യയിൽ നടന്ന അഴിമതി ഇടപാടിൽ കൃത്യമായ തെളിവുകളോടെ അമേരിക്കയിൽ അദാനിക്കെതിരെ കേസെടുത്തിട്ടും മൗനം പാലിച്ച് കേന്ദ്ര സർക്കാർ. യുഎസ് കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ന്യുയോർക്കിൽ അദാനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അദാനിയെ അറസ്റ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയാണ് ബിജെപി ഇപ്പോൾ തിരിഞ്ഞിരിക്കുന്നത്.

സോളാർ പദ്ധതിയിൽ നഷ്ടം വരുമെന്നു ഉറപ്പായതോടെയാണ്, അദാനിയും ആഷർ ഗ്രൂപ്പും കൈക്കൂലിയുമായി വിവിധ സംസ്ഥാനങ്ങളെ സ്വാധീനിക്കാൻ തുടങ്ങിയത് . 2092 കോടി കൈക്കൂലി നൽകിയാണ് വിവിധ സംസ്ഥാനങ്ങളെ കൊണ്ട് വൈദ്യുതി വാങ്ങിപ്പിക്കാൻ ഇരുകമ്പനികളും കരാറുകളിൽ ഒപ്പിടീപ്പിച്ചത് . ഇതിന്‍റെ രേഖകളാണ് അമേരിക്കൻ കുറ്റാന്വേഷണ ഏജൻസി പിടിച്ചെടുത്തത് .ആഷർ പവർ ന്യുയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനി ആയത് കൊണ്ടാണ് അന്വേഷണം ആരംഭിച്ചത്. 2023 മാർച്ച് 17ന് എഫ്ബിഐ നടത്തിയ പരിശോധനയിൽ ഗൗതം അദാനിയുടെ സഹോദര പുത്രനായ സാഗർ അദാനിയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുത്തിരുന്നു.

ഒരു വശത്ത് കൈക്കൂലി നൽകി കരാർ ഇന്ത്യയിൽ ഒപ്പിക്കുമ്പോൾ , അഴിമതി വിരുദ്ധ സ്ഥാപനം എന്ന ലേബലിൽ അമേരിക്കയിൽ ബോണ്ട് വില്പനയും വായ്പ എടുക്കലും അദാനി നടത്തി . ഇക്കാര്യം കണ്ടുപിടിച്ചതോടെയാണ് വിശ്വാസവഞ്ചനയ്ക്കും തട്ടിപ്പിനും അമേരിക്കയിൽ കേസ് എടുത്തത്. വൈഎസ്‌ ആർസിപി ഭരിച്ചിരുന്ന സമയത്ത് ഗൗതം അദാനി നേരിട്ട് എത്തിയാണ് ആന്ധ്രയിലെ ഉന്നതന് 1750 കോടി കൈക്കൂലി നൽകാൻ ധാരണ ആയത്. സഹോദരൻ കൂടിയായ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ കുടുംബത്തിന് നാണക്കേട് ഉണ്ടാക്കിയെന്ന് പിസിസി അധ്യക്ഷ ശർമിള ആരോപിക്കുന്നു . നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ജഗൻ മോഹൻ ജയിലിൽ അടച്ച ആളായിട്ട് പോലും ഈ കേസിൽ നായിഡു മൗനം പാലിക്കുകയാണ് . ജഗനെതിരെ കേസെടുത്താൽ അദാനിയെ കൂടി പ്രതിയാകേണ്ടിവരും എന്നത് കൊണ്ടാണ് ഈ മൗനമെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Related Tags :
Similar Posts