ബി.ജെ.പി സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ
|രാജ്യമാകെ ക്യാമ്പസുകളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വിദ്യാർഥി സംഘടനാ നേതാക്കൾ പറഞ്ഞു
ഡൽഹി: ബി.ജെ.പി സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ. ഇന്ത്യ എന്ന പേര് പാഠപുസ്തകത്തിൽ നിന്നും ഒഴിവാക്കുന്നതുൾപ്പടെ ചൂണ്ടിക്കാട്ടി 16 സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും. ജനുവരി 12ന് നടത്തുന്ന മാർച്ചിൽ 25,000 പേർ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. രാജ്യമാകെ ക്യാമ്പസുകളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിദ്യാർഥി സംഘടനാ നേതാക്കൾ പറഞ്ഞു.
എ.ബി.വി.പിയും ത്രിണമൂൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനായ ശാസ്ത്ര പരിഷത്തും ഒഴികെയുള്ള പ്രധാനപ്പെട്ട വിദ്യാർഥി സംഘടനകളെല്ലാം പ്രതിഷേധത്തിൽ പങ്കെടുക്കും. ഐസ, എ.ഐ.എസ്.പി, എ.ഐ.എസ്.എഫ്, സി.ആർ.ജെ.ഡി, സി.വൈ.എസ് .എഫ്, എൻ.എസ്.യു, ഡി.എം.കെ സ്റ്റുഡന്റ് വിങ്, സമാജ് വാദി ശാസ്ത്ര പരിഷത്ത് സഭ തുടങ്ങിയ സംഘടനകളാണ് കേന്ദ്രസർക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയം പിൻവലിക്കണം, കാവി വൽക്കരണം ഒഴിവാക്കണം. വിദ്യാഭ്യാസത്തെ വർഗീയ വൽക്കരിക്കുന്നത് ഒഴിവാക്കണം. തുടങ്ങിയ നിരവധി കാര്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.