India
പെഗാസസ് വിഷയം ഇന്നും സഭയിലെത്തിക്കാന്‍ പ്രതിപക്ഷം; പ്രതിഷേധം കടുപ്പിക്കും
India

പെഗാസസ് വിഷയം ഇന്നും സഭയിലെത്തിക്കാന്‍ പ്രതിപക്ഷം; പ്രതിഷേധം കടുപ്പിക്കും

Web Desk
|
11 Aug 2021 1:14 AM GMT

രാജ്യസഭയിൽ ഉണ്ടായ നാടകീയമായ പ്രതിഷേധം ഇരുപക്ഷത്തെയും ഒരേ പോലെ പ്രോകോപിപ്പിച്ചിരിക്കുകയാണ്

പെഗാസസ് ചാരവൃത്തിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മറുപടി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയിൽ പാർലമെന്‍റ് ഇന്നും ചേരും. രാജ്യസഭയിൽ ഉണ്ടായ നാടകീയമായ പ്രതിഷേധം ഇരുപക്ഷത്തെയും ഒരേ പോലെ പ്രോകോപിപ്പിച്ചിരിക്കുകയാണ്. ഒബിസി ബിൽ പാസായതിനാൽ ലോക്സഭയിൽ ഇന്നലെ ഉണ്ടായത് പോലെ സമാധാനം പ്രതീക്ഷിക്കേണ്ട എന്ന സൂചനയാണ് പ്രതിപക്ഷം നൽകുന്നത്.

അതേസമയം ഒ.ബി.സി വിഭാഗങ്ങളെ നിർണയിക്കുന്നതിനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകുന്ന ബിൽ ലോക്‌സഭ പാസാക്കി. പെഗാസസ് വിഷയത്തിൽ തുടർന്ന പ്രതിഷേധം മാറ്റിവച്ചാണ് ഒ.ബി.സി ബിൽ പാസാക്കാൻ പ്രതിപക്ഷ കക്ഷികൾ ലോക്സഭയിൽ എത്തിയത്. ഒ.ബി.സി പട്ടികയിലേക്ക് വിവിധ വിഭാഗങ്ങൾളെ പ്രവേശിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന കോടതി വിധിയാണ് ഭരണഘടന ഭേദഗതിക്ക് കേന്ദ്രസർക്കാരെ പ്രേരിപ്പിച്ചത്. സാമൂഹ്യ ക്ഷേമവകുപ്പ് മന്ത്രി ഡോ.വീരേന്ദ്രകുമാറാണ് ചർച്ച തുടങ്ങി വച്ചത്. കാലാകാലങ്ങളായി അടിച്ചമർത്ത പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. യു.പി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഒ.ബി.സി സ്നേഹമാണെന്ന് ഡിഎംകെയിലെ ദയാനിധി മാരൻ കുറ്റപ്പെടുത്തി.

സംവരണ പരിധി 50 ശതമാനത്തിൽ കവിയരുതെന്ന വിധി മറികടക്കാൻ ഭേദഗതി വേണമെന്ന് ചില അംഗങ്ങൾ ആവശ്യപ്പെട്ടു. നിയമ വ്യാഖ്യാനത്തിലൂടെ സംസ്ഥാനത്തിനുള്ള ഒ.ബി.സി നിർണയാവകാശം എടുത്തുകളയാൻ കഴിയുമെന്ന് മൂന്നു വര്‍ഷം മുൻപ് സഭയിൽ ഭേദഗതി വന്നപ്പോൾ ചൂണ്ടിക്കാട്ടിയെന്നു എൻ.കെ.പ്രേമചന്ദ്രൻ വ്യക്തമാക്കി. കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചാണ് ഇ.ടി.മുഹമ്മദ് ബഷീർ സംസാരിച്ചത്.ഉന്നത സർക്കാർ ഉദ്യോഗസ്ഥരിൽ 13 ശതമാനം പേര്‍ മാത്രമാണ് ഒബിസി വിഭാഗത്തിൽ നിന്നുള്ളവരെന്ന് മുഹമ്മദ് ബഷീർ പറഞ്ഞു.

പ്രതിപക്ഷ നിർദേശങ്ങൾ വോട്ടിനിട്ട് തള്ളുകയായിരുന്നു. ഭരണഘടനാ ഭേദഗതിയായതിനാൽ മൂന്നിൽ രണ്ട് അംഗങ്ങൾ അനുകൂലിക്കേണ്ടിയിരുന്നു. സഭയിലുണ്ടായിരുന്ന 385 അംഗങ്ങളും ബില്ലിനെ പിന്തുണച്ചു. രാജ്യസഭ അടുത്ത ദിവസം ബിൽ പരിഗണിക്കും.

Similar Posts