പ്രതിപക്ഷ ഐക്യമാണ് ഏകലക്ഷ്യം; നല്ല വാര്‍ത്തകളുണ്ടാകുമെന്ന് നിതീഷ് കുമാര്‍
|വ്യാഴാഴ്ച പ്രതിപക്ഷ നേതാക്കളെ കണ്ട ശേഷം പാറ്റ്ന വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പാറ്റ്ന: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യമേ തനിക്കുള്ളുവെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വ്യാഴാഴ്ച പ്രതിപക്ഷ നേതാക്കളെ കണ്ട ശേഷം പാറ്റ്ന വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം, അതിനായി ഞാൻ പ്രവർത്തിക്കുകയാണ്.വിഷമിക്കേണ്ട, നിങ്ങൾക്ക് പതുക്കെ വിവരങ്ങൾ ലഭിക്കും. കുറച്ചു നേരം കാത്തിരിക്കൂ.നിങ്ങൾക്കറിയാവുന്നതുപോലെ, ഞാൻ മൂന്ന് ദിവസത്തേക്ക് ഡൽഹിയിൽ പോയി പ്രതിപക്ഷ പാർട്ടി നേതാക്കളെ കണ്ടു. ഞങ്ങൾ ഇന്നലെ (ബുധൻ) ഒന്നിച്ചിരുന്ന് അവരുമായി ചർച്ച ചെയ്തു.പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം, എല്ലാ നേതാക്കളും അതിനായി പരിശ്രമിക്കും.അവർ അതിനെക്കുറിച്ച് ഉറപ്പ് നല്‍കിയിട്ടുണ്ട്''.നിതീഷ് കുമാര്‍ പറഞ്ഞു. ഭാവി തന്ത്രക്കുറിച്ചുള്ള ചോദ്യത്തിന് 'വിഷമിക്കേണ്ട. സാവധാനം അറിയിക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
തന്റെ സന്ദർശനത്തെ ചോദ്യം ചെയ്ത ബി.ജെ.പി നേതാക്കളെ താന്‍ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. "അവർ ഒരുപാട് കാര്യങ്ങൾ പറയുമായിരുന്നു. ഞാൻ അവരെ ശ്രദ്ധിക്കുന്നില്ല. നിങ്ങളെ (മാധ്യമപ്രവർത്തകരെ) കണ്ടപ്പോൾ ഞാൻ നിങ്ങളെ വളരെയധികം ബഹുമാനിക്കുന്നതിനാലാണ് ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നത്, "നിതീഷ് കുമാർ പറഞ്ഞു.
ഇന്നലെ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ നിതീഷ് കുമാറിൻ്റെ അടുത്ത ലക്ഷ്യം കോൺഗ്രസ് ഇതര പ്രതിപക്ഷ സഖ്യം രൂപീകരിക്കാൻ ശ്രമിക്കുന്ന മമത ബാനർജി, അരവിന്ദ് കെജ്രിവാൾ, കെ. ചന്ദ്രശേഖര റാവു എന്നിവർ ഉൾപ്പെട്ട ജി8 ആണ്. പ്രാദേശിക പാർട്ടി നേതാക്കളുടെ പിന്തുണ കൂടി ഉറപ്പാക്കിയാൽ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷം പൂർണ സജ്ജമാകും. പ്രതിപക്ഷ കൺവീനർ സ്ഥാനം ആണ് ഇതിനു പ്രത്യുപകാരമായി കോൺഗ്രസ് നിതീഷ് കുമാറിന് നൽകാൻ ഒരുങ്ങുന്നത്. എന്നാൽ ഈ നീക്കങ്ങൾ 2024 ലെ പ്രതിപക്ഷ പാർട്ടികളുടെ പ്രധാന മന്ത്രി സ്ഥാനാർഥി പദം മുന്നിൽ കണ്ടാണ് നിതീഷ് കുമാർ നടത്തുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.