India
congress-ncp

കോണ്‍ഗ്രസ്/എന്‍സിപി

India

ബി.ജെ.പിക്കെതിരെയുള്ള ഐക്യനിരയ്ക്കുള്ള ശ്രമങ്ങൾ ഊർജിതമാക്കി പ്രതിപക്ഷ പാർട്ടികൾ

Web Desk
|
14 April 2023 1:08 AM GMT

ചർച്ചകൾ പൂർത്തിയാക്കി നിതീഷ് കുമാർ മടങ്ങിയതിന് പിന്നാലെ ആണ് ഇന്നലെ എൻ.സി.പി - കോൺഗ്രസ് കൂടിക്കാഴ്ച നടന്നത്

ഡല്‍ഹി: ബി.ജെ.പിക്ക് എതിരെയുള്ള ഐക്യനിരയ്ക്കുള്ള ശ്രമങ്ങൾ ഊർജിതമാക്കി പ്രതിപക്ഷ പാർട്ടികൾ. കോൺഗ്രസിതര പ്രതിപക്ഷ സഖ്യം ഒഴിവാക്കിയാണ് അകലം പാലിച്ചിരുന്ന പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ചർച്ചകൾ പൂർത്തിയാക്കി നിതീഷ് കുമാർ മടങ്ങിയതിന് പിന്നാലെ ആണ് ഇന്നലെ എൻ.സി.പി - കോൺഗ്രസ് കൂടിക്കാഴ്ച നടന്നത്.

രാഹുൽ ഗാന്ധിയുടെ സവർക്കർ വിരുദ്ധ പരാമർശവും ആംആദ്മി പാർട്ടി പ്രധാന മന്ത്രിയുടെ വിദ്യാഭ്യാസ രേഖ ചോദിച്ചതും അനുചിതമായി എന്ന് വിലയിരുത്തിയ നിലപാട് ആണ് എൻ.സി.പിക്ക് ഉണ്ടായിരുന്നത്. അധ്യക്ഷൻ ശരദ് പവാർ തന്നെ ഇക്കാര്യം പറഞ്ഞതോടെ എൻ.സി.പി എൻ.ഡി.എയോട് അടുക്കുന്നെന്ന തരത്തിൽ ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ ഐക്യം ആഗ്രഹിക്കുന്ന നേതാക്കൾക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു ശരദ് പവാർ കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച. ഇന്നലെ രാത്രിയാണ് ശരദ് പവാർ രാഹുൽ ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗെയുമായും കൂടിക്കാഴ്ച നടത്തിയത്. പ്രതിപക്ഷ നിരയിലെ അഭിപ്രായ ഭിന്നതകൾ മറികടക്കാൻ നാല് ദിവസം ഡൽഹിയിൽ തങ്ങിയാണ് ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ ചർച്ചകൾ നടത്തിയത്. ഈ ചർച്ചകൾ ഫലം കാണുന്നു എന്ന സൂചന തന്നെ ആണ് എൻ.സി.പി അധ്യക്ഷൻ്റെ നീക്കത്തിലൂടെ വ്യക്തമാകുന്നത്.

ഇന്നലെ സന്ദർശനം പൂർത്തിയാക്കി മടങ്ങിയ നിതീഷ് കുമാറിൻ്റെ അടുത്ത ലക്ഷ്യം കോൺഗ്രസ് ഇതര പ്രതിപക്ഷ സഖ്യം രൂപീകരിക്കാൻ ശ്രമിക്കുന്ന മമത ബാനർജി, അരവിന്ദ് കെജ്‌രിവാൾ, കെ. ചന്ദ്രശേഖര റാവു എന്നിവർ ഉൾപ്പെട്ട ജി8 ആണ്. പ്രാദേശിക പാർട്ടി നേതാക്കളുടെ പിന്തുണ കൂടി ഉറപ്പാക്കിയാൽ 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ പ്രതിപക്ഷം പൂർണ സജ്ജമാകും. പ്രതിപക്ഷ കൺവീനർ സ്ഥാനം ആണ് ഇതിനു പ്രത്യുപകാരമായി കോൺഗ്രസ് നിതീഷ് കുമാറിന് നൽകാൻ ഒരുങ്ങുന്നത്. എന്നാൽ ഈ നീക്കങ്ങൾ 2024 ലെ പ്രതിപക്ഷ പാർട്ടികളുടെ പ്രധാന മന്ത്രി സ്ഥാനാർഥിപദം മുന്നിൽ കണ്ടാണ് നിതീഷ് കുമാർ നടത്തുന്നത് എന്ന ആരോപണവും ഉയരുന്നുണ്ട്.

Related Tags :
Similar Posts