India
rahul gandhi
India

പ്രതിപക്ഷം രാഹുൽ തന്നെ നയിക്കും; പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തക സമിതി

Web Desk
|
8 Jun 2024 12:21 PM GMT

പാര്‍ലമെന്ററി സമിതി യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുക്കും

രാഹുൽ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് പ്രവര്‍ത്തക സമിതിയാണ് രാഹുൽ പ്രതിപക്ഷ നേതാവാകണമെന്ന പ്രമേയം പാസാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി നടത്തിയ ശ്രമങ്ങളെ പ്രവർത്തക സമിതി പ്രശംസിച്ചു. പ്രമേയത്തെ രാഹുല്‍ എതിര്‍ത്തില്ല

ലോക്സഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ സി.ഡ.ബ്ല്യു.സി (Congress Working Committee) രാഹുല്‍ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യര്‍ഥിക്കുകയിരുന്നു. തുടർന്ന് പ്രവര്‍ത്തകസമിതിയിൽ പ്രമേയം പാസാക്കി.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു. അദ്ദേഹത്തിന്റെ ചിന്തയും വ്യക്തിത്വവും യാത്രകളില്‍ പ്രതിഫലിച്ചു. ലക്ഷക്കണക്കിന് പ്രവര്‍ത്തകരിലും കോടിക്കണക്കിന് വോട്ടര്‍മാരിലും ഇത് വിശ്വാസം വളര്‍ത്തിയെന്ന് പ്രമേയത്തിൽ പറയുന്നു.

ഇന്ന് നടക്കുന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുക്കും. തുടര്‍ന്ന് രാജ്യസഭയിലെയും ലോക്‌സഭയിലെയും പ്രതിപക്ഷ നേതാക്കളെയും തിരഞ്ഞെടുക്കും.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുള്‍പ്പെടെ നിരവധി നേതാക്കള്‍ രാഹുലിനെ നേതാവ് ആക്കാണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. പ്രതിപക്ഷതെ നയിക്കാൻ ഏറ്റവും യോഗ്യൻ രാഹുൽ ഗാന്ധിയെന്ന് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

രാഹുല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ഇന്ത്യ മുന്നണിയിലും ആവശ്യമുയര്‍ന്നിരുന്നു. പതിനേഴാം ലോക്‌സഭയില്‍ അധിര്‍ രഞ്ജന്‍ ചൗധരിയായിരുന്നു കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്.

Similar Posts