ആര്യൻഖാന്റെ പാസ്പോർട്ട് മടക്കി കൊടുക്കാൻ ഉത്തരവ്
|മുംബൈയിലെ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്
മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻ ഖാന്റെ പാസ്പോർട്ട് മടക്കി നൽകാൻ മുംബൈയിലെ പ്രത്യേക കോടതി നാർകോടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി)യോട് ഉത്തരവിട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് എൻ.സി.ബി ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ മുംബൈ തീരത്തു നിന്ന് പുറപ്പെട്ട കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കപ്പലിൽ ലഹരിപ്പാർട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡെന്നാണ് എൻ.സി.ബി അറിയിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മേയിൽ എൻ.സി.ബിയുടെ പ്രത്യേക അന്വേഷണ സംഘം ആര്യൻ ഖാന് ക്ലീന് ചിറ്റ് നൽകുകയായിരുന്നു. ആര്യനെതിരെ തെളിവില്ലെന്ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സംഘം പറഞ്ഞു. ലഹരിമരുന്ന് സംഘവുമായോ ലഹരിക്കടത്തിന്റെ ഗൂഢാലോചനയിലോ ആര്യന് പങ്കില്ലെന്നും കുറ്റപത്രത്തിൽ പറഞ്ഞു. ആര്യൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ തെളിവില്ലെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്.
നേരത്തെ കേസിൽ പിടികൂടപ്പെട്ട് ഒരു മാസത്തെ ജയിൽ വാസത്തിന് ശേഷം ആര്യൻഖാന് ജാമ്യം ലഭിച്ചിരുന്നു. ഷാരൂഖിന്റെ അടുത്ത സുഹൃത്ത് കൂടിയായ നടി ജൂഹി ചാവ്ലയാണ് കേസിൽ ആര്യൻ ഖാന് കോടതിയിൽ ജാമ്യം നിന്നത്. 24കാരനായ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേരാണ് കേസിലെ പ്രതികളായുണ്ടായിരുന്നത്.
ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെതിരെ തെളിവുകൾ കണ്ടെത്താൻ നാർകോടിക്സ് കൺട്രോൾ ബ്യൂറോ പ്രത്യക അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. ഏജൻസിയുടെ മുംബൈ സോണൽ ഓഫിസർ സമീർ വാങ്കെഡെയുടെ നേതൃത്വത്തിൽ കപ്പിലിൽ നടത്തിയ റെയ്ഡ് ക്രമ വിരുദ്ധമാണ് എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിൽ റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ല എന്നത് ഒരു പ്രധാന പിഴവായിട്ടാണ് ചൂണ്ടിക്കാണിക്കുന്നത്. ആര്യൻ ഖാനിൽ നിന്നും ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ല എന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.