500 കിലോ തൂക്കമുള്ള ബോംബ് വ്യോമ സേനക്ക് കൈമാറി ഖമാരിയ ഓർഡൻസ് ഫാക്ടറി
|ഈ തൂക്കത്തിലുള്ള 48 ബോംബുകളുടെ ആദ്യ ബാച്ചാണ് കൈമാറിയത്
ജബൽപൂർ: മധ്യപ്രദേശിലെ പ്രതിരോധ ആയുധ നിർമാണശാലയായ ഖമാരിയ ഓർഡൻസ് ഫാക്ടറി 500 കിലോ തൂക്കം വരുന്ന ബോംബ് വ്യോമ സേനയ്ക്ക് കൈമാറി. തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും വലിയ ബോംബാണിതെന്ന് വ്യോമസേന വക്താവ് അറിയിച്ചു. ഈ തൂക്കത്തിലുള്ള 48 ബോംബുകളുടെ ആദ്യ ബാച്ചാണ് കൈമാറിയത്.
ഈ ബോംബ് വ്യേമസേനയുടെ അഗ്നിശക്തി വർധിപ്പിക്കുമെന്ന് ഒഎഫ്കെ ജനറൽ മാനേജർ എസ്.കെ സിൻഹ പിടിഐയോട് പറഞ്ഞു.ബോംബിന്റെ അത്യാധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിൽ വിവിധ പ്രതിരോധ സ്ഥാപനങ്ങളിലെ വിദഗ്ധർ ഉൾപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1943-ൽ സ്ഥാപിതമായ ഓർഡൻസ് ഈ ഫാക്ടറി പ്രധാന ആയുധ നിർമ്മാണ യൂണിറ്റുകളിൽ ഒന്നാണ്. രണ്ടാം ലോകമഹായുദ്ധസമയത്ത് ഇവിടെ നിന്ന് ആയുധങ്ങൾ നൽകിയിട്ടുണ്ട്.സ്വാതന്ത്ര്യാനന്തരം, 1962 ലെ ചൈനീസ് യുദ്ധത്തിലും 1965 ലും 1971 ലും പാകിസ്ഥാൻ യുദ്ധസമയത്ത് സായുധ സേനയ്ക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നതിൽ ഫാക്ടറി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അർധസൈനിക വിഭാഗത്തിന് പ്രതിരോധ ആയുധങ്ങൾ വിതരണം ചെയ്യുന്നതും ഈ ഫാക്ടറിയാണ്.