India
ഹിന്ദു ബ്രാഹ്മണ കലക്ടര്‍ക്കെതിരെ മുസ്‌ലിംകളുടെ പ്രതിഷേധം; വിദ്വേഷ പ്രചാരണവുമായി ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ
India

'ഹിന്ദു ബ്രാഹ്മണ കലക്ടര്‍ക്കെതിരെ മുസ്‌ലിംകളുടെ പ്രതിഷേധം'; വിദ്വേഷ പ്രചാരണവുമായി ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ

Web Desk
|
2 Aug 2022 11:33 AM GMT

കേരള മുസ്‌ലിം ജമാഅത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ വിഡിയോ പങ്കുവച്ചാണ് വിദ്വേഷ പ്രചാരണം നടക്കുന്നത്

ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ചുകൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ കലക്ടർ നിയമനത്തിൽ നടന്ന പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടി ആർ.എസ്.എസ്സിന്റെ വിദ്വേഷ പ്രചാരണം. കേരള മുസ്‍ലിം ജമാഅത്ത് കഴിഞ്ഞ ദിവസം നടത്തിയ കലക്ടറേറ്റ് മാർച്ചിന്റെ വിഡിയോ പങ്കുവച്ചാണ് ആർ.എസ്.എസ് മുഖപത്രം 'ഓർഗനൈസർ' ട്വിറ്റർ ഹാൻഡിലിലാണ് വ്യാജപ്രചാരണം നടക്കുന്നത്.

ഹിന്ദു ബ്രാഹ്മണനായ പുതിയ ഐ.എസ്.എസ് കലക്ടറുടെ നിയമനത്തെ എതിർത്ത് മുസ്‍ലിംകൾ കൂട്ടമായി പ്രതിഷേധിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ഓർഗനൈസർ വിഡിയോ പങ്കുവച്ചിരിക്കുന്നത്. എന്നാൽ, സത്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി പേർ ട്വീറ്റിനു താഴെ പ്രതികരിച്ചെങ്കിലും ഇതുവരെ തിരുത്താൻ തയാറായിട്ടില്ല. ഓർഗനൈസറിനു പുറമെ വിവിധ ഹിന്ദുത്വ സംഘടനകളും ഇതേ വിഡിയോ ഏറ്റുപിടിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്.

തമിഴ്‌നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിന്ദുത്വ സംഘമായ ഇന്ദു മക്കൾ കച്ചിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലും കഴിഞ്ഞ ദിവസം വിദ്വേഷകരമായ അടിക്കുറിപ്പോടെ ഇതേ വിഡിയോ പങ്കുവച്ചിരുന്നു. കേരളത്തിലെ ആലപ്പുഴയിൽ ബ്രാഹ്മണ ഐ.എ.എസ് കലക്ടറുടെ നിയമനത്തിൽ പ്രതിഷേധിച്ച് മുസ്‍ലിംകൾ നടത്തിയ പ്രകടനം എന്ന അടിക്കുറിപ്പോടെയായിരുന്നു ട്വീറ്റ്. പിന്നീട് മലപ്പുറത്ത് നടന്ന പ്രകടനം എന്ന് തിരുത്തിയെങ്കിലും ട്വീറ്റ് പിന്‍വലിക്കാന്‍ തയാറായിട്ടില്ല.

പ്രതിഷേധങ്ങൾക്ക് കീഴടങ്ങി സർക്കാർ

കനത്ത പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്നലെ രാത്രിയാണ് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്ന് മാറ്റി സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. സിവിൽ സപ്ലൈസ് മാനേജറായാണ് പുതിയ നിയമനം. കൃഷ്ണ തേജയെ പുതിയ ആലപ്പുഴ കലക്ടറായി നിയമിക്കുകയും ചെയ്തിട്ടുണ്ട്.

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതിയായ ശ്രീറാമിനെ കേസ് കോടതിയുടെ പരിഗണനയിലിരിക്കെ കലക്ടർ സ്ഥാനത്ത് നിയമിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ കക്ഷികളടക്കം വിമർശനമുന്നയിച്ചത്. പത്രപ്രവർത്തക യൂനിയനടക്കം വിവിധ സംഘടനകളും സർക്കാരിനെ എതിർപ്പറിയിച്ചു. ഇതിനു പുറമെ സുന്നി കാന്തപുരം വിഭാഗവും പ്രതിഷേധം കടുപ്പിച്ചതോടെയായിരുന്നു സർക്കാരിന്റെ മലക്കംമറിച്ചിൽ.

ഏറ്റവുമൊടുവിൽ പി.വി അൻവർ എം.എൽ.എയും ഇക്കാര്യത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് കത്തെഴുതിയിരുന്നു. വിഷയത്തിലുള്ള ആശങ്ക പരിഹരിക്കണമെന്നായിരുന്നു അൻവർ കത്തിലൂടെ ആവശ്യപ്പെട്ടത്. ഇതിനു പുറമെ നിയമനത്തിലൂടെ രണ്ടാം പിണറായി സർക്കാരിന്റെ പ്രതിഛായ കളങ്കപ്പെടാതിരിക്കട്ടെ എന്ന് ഐ.എൻ.എല്ലും പ്രതികരിച്ചു. സംസ്ഥാന പ്രസിഡൻറ് എ.പി അബ്ദുൽ വഹാബ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എതിർപ്പ് രേഖപ്പെടുത്തിയത്.

ശ്രീറാമിന്റെ നിയമനം സ്വാഭാവിക നടപടിക്രമമാണെന്നായിരുന്നു പ്രതിഷേധങ്ങളോട് നേരത്തെ മുഖ്യമന്ത്രിയുടെ പ്രതികരണം. ''ബഷീർ നമ്മുടെ എല്ലാവരുടെയും സുഹൃത്താണ്. സ്വാഭാവികമായും ഇത്തരമൊരു വികാരം വരും. എന്നാൽ, സർക്കാർ സർവീസിന്റെ ഭാഗമായിരിക്കുന്നയാൾ ഓരോ ഘട്ടത്തിലായി ചുമതല വഹിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോൾ ചുമതല നൽകിയിരിക്കുന്നു'' എന്നായിരുന്നു മുഖ്യമന്ത്രി നേരത്തെ പറഞ്ഞത്. എന്നാൽ, ബഷീറിന്റെ കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമൻ അധികാരമേറ്റത്. ആലപ്പുഴ കലക്ടറും ശ്രീറാമിന്റെ ഭാര്യയുമായ രേണുരാജിനെ തൊട്ടടുത്തുള്ള എറണാകുളത്തേക്ക് സ്ഥലംമാറ്റിയ ശേഷമായിരുന്നു ശ്രീറാമിനെ ആലപ്പുഴ കലക്ടറാക്കിയത്. ഇതിനുമുൻപ് ശ്രീറാമിനെ ആരോഗ്യ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയാക്കിയപ്പോഴും വലിയ തോതിൽ പ്രതിഷേധം ഉയർന്നിരുന്നു.

Summary: RSS mouthpiece Organiser Weekly's communal charge against Muslim groups' protests against appointment of Sriram Venkitaraman as Alappuzha collector

Similar Posts