ഓസ്‌കാർ, സെഞ്ച്വറി കോഹ്‌ലി, കാസെമിറോയ്ക്ക് റെഡ് കാർഡ്...; ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങൾ അറിയാം
|ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്- സതാംപ്ടൺ മത്സരം സമനിലയിലായതും ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
ലോകം കാത്തിരിക്കുന്ന ഓസ്കാർ പുരസ്കാര പ്രഖ്യാപനം, ഓസീസിനെതിരായ നാലാം ടെസ്റ്റിൽ കോഹ്‌ലിയുടെ സെഞ്ച്വറി, മാഞ്ചസ്റ്റർ യുണൈറ്റഡ്- സതാംപ്ടൺ സമനില തുടങ്ങിവയാണ് ഇന്ന് ട്വിറ്ററിനെ സജീവമാക്കിയ വിഷയങ്ങൾ. ഇന്നത്തെ ട്വിറ്ററിലെ പ്രധാന ട്രെൻഡിങ്ങുകൾ അറിയാം.
1. 95ാം ഓസ്‌കാർ പുരസ്കാര പ്രഖ്യാപനം നാളെ #GlobalStarNTRatOscars
95ാം ഓസ്‌കാർ പുരസ്കാര പ്രഖ്യാപനം നാളെയാണ്. ഇന്ത്യൻ സമയം രാവിലെ 5.30ന് ലോസ് ആഞ്ചൽസിലെ ഡോൾബി തീയേറ്ററിൽ ലോക സിനിമയുടെ പുത്തൻ കിരീടവകാശികളെ പ്രഖ്യാപിക്കും. 23 വിഭാഗങ്ങളിലായി നടക്കുന്ന പുരസ്‌കാര പ്രഖ്യാപനത്തിൽ ശുഭ പ്രതീക്ഷയിലാണ് ഇന്ത്യ. ആർ.ആർ.ആറിൽ ജൂനിയർ എൻടിആറും രാംചരണും തകർത്താടിയ 'നാട്ടു നാട്ടു' ഗാനം ഓസ്‌കറിൽ മുത്തമിടുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ സിനിമാ ലോകം. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിലാണ് എം.എം കീരവാണി സംഗീതം നൽകിയ ഗാനം മത്സരിക്കുന്നത്. ഈ വിഭാഗത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ ഗാനം നാമനിർദേശം ചെയ്യപ്പെട്ടത് എന്ന പ്രത്യേകതയുമുണ്ട്.
2. ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ മിന്നും സെഞ്ച്വറിമായി കോഹ്‌ലി #ViratKohli𓃵
മൂന്നു വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷം കോഹ്‌ലി വീണ്ടുമൊരു ടെസ്റ്റ് സെഞ്ച്വറി നേടിയിരിക്കുന്നു. 186 റൺസാണ് താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്. തകർപ്പൻ ഫോമിൽ നിറഞ്ഞാടിയ മുൻ ക്യാപ്റ്റന്റെ പ്രകടനത്തിന്റെ ബലത്തിൽ ഓസ്ട്രേലിയയ്ക്ക് മുന്നിൽ 571 എന്ന കൂറ്റൻ സ്‌കോറാണ് ഇന്ത്യ നീട്ടിയത്. ശുഭ്മൻ ഗിൽ, രവീന്ദ്ര ജഡേജ, കെ.എസ് ഭരത് എന്നിവർക്കൊപ്പം അർധസെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കിയാണ് കോഹ്‌ലി ഇന്ത്യൻ ഇന്നിങ്‌സ് പടുത്തുയർത്തിയത്. അന്താരാഷ്ട്ര ടെസ്റ്റ് കരിയറിലെ താരത്തിന്റെ 75ാം സെഞ്ച്വറിയാണിത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിലേക്കുള്ള ദൂരം കുറച്ചുകൂടി കുറച്ചിരിക്കുകയാണ് താരം.
3. മാഞ്ചസ്റ്റർ യുണൈറ്റഡ്- സതാംപ്ടൺ സമനില #MUNSOU
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്- സതാംപ്ടൺ മത്സരം സമനിലയിൽ. ഇരു ടീമുകളും നാല് ഷോട്ടുകൾ വീതം ഗോൾവല ലക്ഷ്യമാക്കി പായിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. 440 പാസുകൾ സതാംപ്ടൺ വകയുണ്ടായപ്പോൾ 386 എണ്ണമാണ് യുണൈറ്റഡിൽ പിറന്നത്.
ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഗോളിനായി അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഗോൾവല കുലുക്കാനായില്ല. പ്രീമിയർ ലീഗിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ടീമാണ് സതാംപ്ടൺ.
4. യുണൈറ്റഡിന് തിരിച്ചടിയായി കാസെമിറോയ്ക്ക് റെഡ് കാർഡ് #Casemiro
ഓൾഡ് ട്രാഫോർഡിൽ സതാംപ്ടണുമായി ഞായറാഴ്ച നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കാസെമിറോയ്ക്ക് ചുവപ്പ് കാർഡ്. പ്രധാന മിഡ്ഫീൽഡറുടെ പുറത്താവൽ യുണൈറ്റഡിന് ആദ്യ പകുതിയിൽ തന്നെ കനത്ത തിരിച്ചടിയായി. അൽകാരെസിനെ ഫൗൾ ചെയ്തതിനായിരുന്നു കാസെമിറോയ്ക്ക് ചുവപ്പ് കാർഡ് കിട്ടിയത്. ആദ്യം മഞ്ഞ കാർഡാണ് കാണിച്ചതെങ്കിലും റഫറി വാർ പരിശോധിക്കുകയും ഫൗളിന്റെ സ്വഭാവം മനസിലാക്കി ചുവപ്പ് കാർഡാക്കുകയുമായിരുന്നു. ഈ സീസണിലെ കാസെമിറോയുടെ രണ്ടാമത്തെ പുറത്താവലാണിത്. ഇതോടെ അതായത് നാല് കളികളിൽ താരത്തിന് വിലക്ക് നേരിടേണ്ടിവരും.
5. ചുവപ്പ് കാർഡ് നൽകിയ ആന്തണി ടെയ്ലറിലെതിരെ പൊങ്കാല #Anthony Taylor
മാഞ്ചസ്റ്റർ യുണൈറ്റഡ്- സതാംപ്ടൺ മത്സരത്തിൽ കാസെമിറോയ്ക്ക് ചുവപ്പ് കാർഡ് നൽകിയ ആന്തണി ടെയ്ലറിതിരെ യുണൈറ്റഡ് ആരാധകരുടെ പൊങ്കാല. ട്വിറ്ററിൽ വൻ പ്രതിഷേധമാണ് ആന്തണിക്കെതിരെ ഉയരുന്നത്. ആന്തണിയുടേത് തെറ്റായ തീരുമാനമാണെന്നും ഏറ്റവും മോശം റഫറിയാണ് അദ്ദേഹമെന്നും പലരും പറയുന്നു. എന്തടിസ്ഥാനത്തിലാണ് കാസെമിറോയ്ക്ക് റെഡ് കാർഡ് കൊടുക്കുകയെന്നും അദ്ദേഹത്തിന്റെ ഷോട്ടുകളടക്കം പങ്കുവച്ച് ചില യുണൈറ്റഡ് ആരാധകർ ചോദിക്കുന്നു. ഇന്നത്തെ സംഭവത്തിൽ ആന്തണി ടെയ്ലറിനെതിരെ അന്വേഷണം വേണമെന്നും ആരാധകർ ആവശ്യപ്പെടുന്നു.
6. ഖലിസ്ഥാൻ നേതാവ് അമൃത്പാലിനെതിരെ സൈബർ പ്രതിഷേധം #AmritpalFraudLeader
പഞ്ചാബിലെ അമൃത്‌സറിനടുത്തുള്ള അജ്‌നാല പൊലീസ് സ്റ്റേഷന് പുറത്ത് പൊലീസുമായി ഏറ്റുമുട്ടിയ തീവ്ര സിഖ് സംഘടനയായ 'വാരിസ് പഞ്ചാബ് ദേ'യുടെ നേതാവാണ് അമൃത്പാൽ. ഫെബ്രുവരി 23നായിരുന്നു സംഭവം. തട്ടിക്കൊണ്ടുപോകൽ കേസിൽ കസ്റ്റഡിയിലെടുത്ത തങ്ങളുടെ പ്രവർത്തകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വാളുകൾ വീശിയും തോക്കേന്തിയുമുള്ള അതിക്രമം.
ഈ വിഷയത്തിൽ ഇപ്പോഴും ട്വിറ്ററിൽ വിമർശനം തുടരുകയാണ്. അമൃത്പാൽ സിഖ് സമൂഹത്തെയാകെ അപമാനിക്കുകയാണെന്നും രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണെന്നും ട്വീറ്റുകളുണ്ട്. കൊല്ലപ്പെട്ട ഖലിസ്ഥാൻ വാദിയായ ജർനെയിൽ സിങ് ഭിന്ദ്രൻവാലയുടെ അനുയായിയാണ് 29കാരനായ അമൃതപാൽ സിങ്. പഞ്ചാബിൽ അമൃതപാലിനെ "ഭിന്ദ്രൻവാല രണ്ടാമൻ" (ഭിന്ദ്രൻവാല 2.0) എന്നാണ് വിളിക്കുന്നത്.
7. കേന്ദ്ര സർക്കാർ ഓൾഡ് പെൻഷൻ സ്കീം പുനഃസ്ഥാപിക്കണമെന്നാവശ്യം #PmRestoreOPS
ഓൾഡ് പെൻഷൻ സ്കീം (OPS) പുനഃസ്ഥാപിക്കണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി സർക്കാർ ജീവനക്കാരടക്കമുള്ളവരാണ് #PMRestoreOPS എന്ന ഹാഷ്ടാഗ് പങ്കുവച്ച് ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുന്നത്. 2004ൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാണ് ഈ പദ്ധതി നിർത്തലാക്കിയത്. തുടർന്ന് ദേശീയ പെൻഷൻ പദ്ധതി (NPS) പ്രഖ്യാപിക്കുകയും നടപ്പാക്കുകയുമായിരുന്നു.
എന്നാൽ ഇത് ഫലപ്രദമല്ലെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന വിമർശനം. ജീവനുള്ളതും സുസ്ഥിരവും ജീവനക്കാർക്ക് സ്വീകാര്യവുമായ ഒരു പെൻഷൻ സംവിധാനമാണ് നമുക്ക് വേണ്ടത്. ഒപിഎസ് പുനഃസ്ഥാപിക്കണം. ഗ്യാരണ്ടിയുള്ള പഴയ പെൻഷൻ പദ്ധതിയുമായി ഒരു തരത്തിലും എൻപിഎസ് പൊരുത്തപ്പെടുന്നില്ല- എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.