India
ന്യൂനപക്ഷം ഭൂരിപക്ഷത്തിൽ അർപ്പിക്കുന്ന വിശ്വാസപ്രമാണമാണ് നമ്മുടെ ഭരണഘടന: ജസ്റ്റിസ് സുധാംശു ദുലിയ
India

ന്യൂനപക്ഷം ഭൂരിപക്ഷത്തിൽ അർപ്പിക്കുന്ന വിശ്വാസപ്രമാണമാണ് നമ്മുടെ ഭരണഘടന: ജസ്റ്റിസ് സുധാംശു ദുലിയ

Web Desk
|
13 Oct 2022 1:11 PM GMT

ഹിജാബ് ധരിക്കുന്നത് ക്രമസമാധനം തകർക്കുമെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ലെന്നും ജസ്റ്റിസ് സുധാംശു ദുലിയ പറഞ്ഞു.

ന്യൂഡൽഹി: ന്യൂനപക്ഷം ഭൂരിപക്ഷത്തിൽ അർപ്പിച്ച വിശ്വാസപ്രമാണമാണ് നമ്മുടെ ഭരണഘടനയെന്ന് ജസ്റ്റിസ് സുധാംശു ദുലിയ. കർണാടകയിലെ ഹിജാബ് വിലക്കിനെതിരായ വിധിയിലാണ് ജസ്റ്റിസ് ദുലിയയുടെ പരാമർശം. നമ്മുടെ ഭരണഘടന ഒരു വിശ്വാസ പ്രമാണം കൂടിയാണ്. അത് ന്യൂനപക്ഷത്തിന് ഭൂരിപക്ഷത്തോടുള്ള വിശ്വാസപ്രമാണമാണ്-ജസ്റ്റിസ് ദുലിയ പറഞ്ഞു.

ഒരു പെൺകുട്ടിക്ക് അവളുടെ വീടിന്റെ അകത്തും പുറത്തും ഹിജാബ് ധരിക്കാൻ സ്വാതന്ത്ര്യമുണ്ട്. ആ അവകാശം ഒരിക്കലും സ്‌കൂൾ കവാടത്തിന്റെ മുന്നിൽവെച്ച് തടയപ്പെടരുത്. സ്‌കൂളിനകത്തും ക്ലാസ് മുറിയിലും ഒരു പെൺകുട്ടിക്ക് അവളുടെ അന്തസ്സും സ്വകാര്യതയും പ്രധാനപ്പെട്ടതാണ്-ജസ്റ്റിസ് ദുലിയ വ്യക്തമാക്കി.

എന്തുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നില്ലെന്നും ജസ്റ്റിസ്സുധാംശു ദുലിയ പറഞ്ഞു. ഹരജിക്കാർ എല്ലാവരും ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഈ ഒരു ആവശ്യം ജനാധിപത്യത്തിന്റെ അതിരുകൾ ലംഘിക്കുന്നതാണോ? എങ്ങനെയാണ് അത് ധാർമികതക്കും പൊതു സംവിധാനങ്ങൾക്കും എതിരാവുന്നത്. അത് മാന്യതക്കോ ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ ഏതെങ്കിലും വ്യവസ്ഥകൾക്കോ എതിരാണോ? ഈ ചോദ്യങ്ങൾക്കൊന്നും കർണാടക ഹൈക്കോടതി വിധിയിൽ കൃത്യമായ മറുപടിയില്ലെന്നും ജസ്റ്റിസ് ദുലിയ പറഞ്ഞു.

''ഹിജാബ് ധരിക്കുന്നത് ക്രമസമാധനം തകർക്കുമെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പെൺകുട്ടി ഹിജാബ് ധരിച്ച് ക്ലാസിലിരിക്കുന്നത് പൊതുപ്രശ്‌നമോ ക്രമസമാധാന പ്രശ്‌നമോ ആയി മാറുന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ല. വിദ്യാർഥികളുടെ സ്‌കൂൾ കാലഘട്ടം നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യത്തെക്കുറിച്ച് കൂടി മനസ്സിലാക്കേണ്ട സമയമാണ്.

വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരോട്, വ്യത്യസ്ത ഭക്ഷണം കഴിക്കുന്നവരോട്, വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുന്നവരോട് സഹിഷ്ണുതയുടെ ഭരണഘടനാ മൂല്യങ്ങൾ ഉൾക്കൊള്ളാൻ അവർ പഠിക്കണം. അവരിൽ വ്യത്യസ്ത മതങ്ങളോടും ഭാഷകളോടും സംസ്‌കാരങ്ങളോടുമുള്ള സംവേദനക്ഷമതയും സഹാനുഭൂതിയും ധാരണയും വളർത്തിയെടുക്കേണ്ട സമയമാണിത്'' - ജസ്റ്റിസ് ദുലിയ ചൂണ്ടിക്കാട്ടി.

ഹിജാബ് കേസ് പരിഗണിച്ച സുപ്രിംകോടതി ബെഞ്ചിലെ ജഡ്ജിമാർ വ്യത്യസ്ത വിധി പറഞ്ഞതിനെ തുടർന്ന് കേസ് വിശാല ബെഞ്ചിന് വിടുകയായിരുന്നു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത കർണാടക ഹൈക്കോടതിയുടെ ഹിജാബ് വിലക്ക് ശരിവെച്ചപ്പോൾ ജസ്റ്റിസ് ദുലിയ ഹൈക്കോടതി വിധി റദ്ദാക്കി. വിശാല ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും.

ഹിജാബ് ഇസ്ലാമിൽ അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി വിധിയാണ് ഹേമന്ത് ഗുപ്ത ശരിവെച്ചത്. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും ജസ്റ്റിസ് ഗുപ്ത വിധിച്ചു. യൂണിഫോം നിർബന്ധമാക്കാനുള്ള അധികാരം സർക്കാറിനുണ്ട്. ഇത് വിദ്യാർഥികളുടെ മൗലികാവകാശത്തിന്റെ ലംഘനമായി കണക്കാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീലുകൾ തള്ളിയത്.

എന്നാൽ പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് പരമപ്രധാനമെന്ന് ജസ്റ്റിസ് ദുലിയ പറഞ്ഞു. ഹിജാബ് വ്യക്തിപരമായ തിരഞ്ഞെടുപ്പിന്റെ വിഷയമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 19, 14 പാലിക്കപ്പെടണം. ഹിജാബ് ധരിക്കൽ അനിവാര്യമായ മതാചാരമാണോ എന്ന കാര്യം ഹൈക്കോടതി പരിഗണിച്ചതിനോട് യോജിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് ദുലിയ പറഞ്ഞു.

Similar Posts