India
wrestlers protest, wcc,
India

''ബേട്ടി ബചാവോ' എന്നെഴുതിവെച്ച തെരുവുകളിലൂടെ നമ്മുടെ പെണ്മക്കൾ വലിച്ചിഴക്കപ്പെടുന്നു'; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഡബ്ല്യു.സി.സി

Web Desk
|
2 Jun 2023 2:10 PM GMT

''നീതിക്ക് വേണ്ടിയുള്ള പോരാട്ടം നിർദയം അവഗണിക്കപ്പെടുന്നു. ശാരീരികമായും മാനസികമായും അവർ ആക്രമിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു''

ഡല്‍ഹി: സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്ക് പിന്തുണയുമായി വുമൺ സിനിമാ കലക്ടീവ് (ഡബ്ല്യു.സി.സി). അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ യശസ്സുയർത്തിയ താരങ്ങൾ ഇന്ന് നീതിക്കായി പോരാടുകയാണ്. അവരുടെ പോരാട്ടം നിർദയം അവഗണിക്കപ്പെടുന്നു.അവർ മാനസികമായും ശാരീരികമായും അക്രമിക്കപ്പെടുകയാണെന്നും അപമാനിക്കപ്പെടുകയാണെന്നും ഡബ്ല്യുസിസി കുറ്റപ്പെടുത്തി. പരാതിക്കാരെ ചേർത്ത് നിർത്തുന്നതിനു പകരം അവരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വരെ നിഷേധിക്കപ്പെടുകയാണെന്നും ഡബ്ല്യുസിസി പങ്കുവെച്ച ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്‍റെ പൂർണരൂപം

'ബേട്ടി ബചാവോ' എന്ന് എഴുതിവച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും, നമ്മുടെ പെണ്മക്കൾ വലിച്ചിഴക്കപ്പെടുന്നു എന്ന വിരോധാഭാസം ഹൃദയഭേദകമാണ്‌. അന്താരാഷ്ട്രതലത്തിൽ നമ്മുടെ രാജ്യത്തിന്റെ യശസ്സുയർത്തിയ റെസ്റ്റലേഴ്സ് നീതി തേടുകയാണെന്ന് നമുക്കറിയാം. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടം നിർദ്ദയം അവഗണിക്കപ്പെടുന്നു. ഒപ്പം തന്നെ അവർ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്നു.

നമ്മുടെ രാജ്യത്ത് ഏതൊരു സ്ത്രീക്കും ലിംഗപരമായ ചൂഷണങ്ങൾ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴിലന്തരീക്ഷത്തിന് നിയമപരമായ അവകാശമുണ്ട്. അത് സജ്ജമാക്കാൻ, ഉത്തരവാദിത്വപ്പെട്ട പ്രവർത്തന സംവിധാനങ്ങളുടെ ഭാഗത്തുനിന്നും സമയോചിതമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെങ്കിൽ, പിന്നീട് അവരുടെ ഏക ആശ്രയം ഔദ്യോഗികമായി പരാതി നൽകി തങ്ങളുടെ പ്രതിഷേധം അറിയിക്കുക എന്നുള്ളത് മാത്രമാണ്. പരാതിക്കാരെ ചേർത്ത് നിർത്തുന്നതിനു പകരം അവരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വരെ നിഷേധിക്കപ്പെടുന്നതാണ് നമ്മൾ കാണുന്നത്.

വളർന്ന് വരുന്ന പെൺകുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു രാഷ്ട്രമെന്ന നിലയിൽ നാം നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം ഇതാണോ?! ഭാവിയെ കുറിച്ച് വലിയ സ്വപ്നങ്ങൾ കാണുന്ന നമ്മുടെ പെണ്മക്കളെ, ഭാവി വനിതാ കായികതാരങ്ങളെ, അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തുകയാണ് അധികാരികൾ ചെയ്തുകൊണ്ടിരിക്കുന്നത്.

നമ്മുടെ കായികതാരങ്ങളുടെ ശബ്ദം വേണ്ടവിധത്തിൽ പരിഗണിക്കപെടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവാദിത്തമുണ്ട്.അധികാരവും ഉത്തരവാദിത്വവും ഒരുമിച്ച് സഞ്ചരിക്കേണ്ടവയാണ്. അങ്ങേയറ്റം ദൗർഭാഗ്യകരമായ ഈ സാഹചര്യം സംവേദനക്ഷമതയോടും ബഹുമാനത്തോടും കൂടി അടിയന്തിരമായി പരിഹരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

നീതിന്യായ വ്യവസ്ഥകളിലൂന്നി നിന്നുകൊണ്ട് പോരാട്ടം നടത്തുന്ന നമ്മുടെ വനിതാ റെസ്റ്റലേഴ്സിനും, അവരോടൊപ്പം നിൽക്കുന്നവർക്കും, അവരുടെ നിശ്ചയദാർഢ്യത്തിനും, വിമൺ ഇൻ കളക്ടീവ് എല്ലാവിധ പിന്തുണയും, ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു.

Similar Posts