"അയാൾ ജയിലിൽ പോകട്ടെ, എന്നിട്ട് അവസാനിപ്പിക്കാം സമരം"; പ്രതിഷേധം തുടർന്ന് ഗുസ്‌തി താരങ്ങൾ
|സുപ്രിംകോടതി ഇടപെട്ടതോടെയാണ് ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ് നടപടിയെടുത്തത്. ഇയാൾക്കെതിരെ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്
ഡൽഹി: കേസെടുത്തത് കൊണ്ടുമാത്രം ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരായ പ്രതിഷേധ സമരം അവസാനിപ്പിക്കില്ലെന്ന് ഗുസ്തി താരങ്ങൾ. ലൈംഗികാതിക്രമ ആരോപണങ്ങളിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു താരങ്ങളുടെ പ്രതികരണം. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന നിലപാടിലാണ് താരങ്ങൾ.
"ഞങ്ങളുടെ പ്രതിഷേധം മുന്നോട്ട് തന്നെയാണ്. ബ്രിജ് ഭൂഷനെ ജയിലിൽ അയയ്ക്കും വരെ സമരം തുടരും"; ന്യൂഡൽഹിയിലെ ജന്തർമന്തറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഗുസ്തി താരം ബജ്‌റംഗ് പുനിയ പറഞ്ഞു. വിജയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായി മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ കാണാനാകൂ. ഒരു അയഞ്ഞ എഫ്ഐആർ (loose FIR) ഫയൽ ചെയ്തേക്കാമെന്നതിനാൽ ഡൽഹി പൊലീസിൽ വിശ്വാസമില്ലെന്നും ഗുസ്തി താരങ്ങൾ പ്രതികരിച്ചു.
സുപ്രിംകോടതി ഇടപെട്ടതോടെയാണ് ബ്രിജ് ഭൂഷനെതിരെ ഡൽഹി പൊലീസ് നടപടിയെടുത്തത്. ഇയാൾക്കെതിരെ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത താരം നൽകിയ പരാതിയിൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് ഒരു എഫ്.ഐ.ആർ. ശേഷിക്കുന്ന ആറ് പേരുടെ പരാതിയിലാണ് രണ്ടാമത്തേത്.
ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഇന്ന് തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്‍റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക പീഡന പരാതി കോടതിയിലെത്തിയ സാഹചര്യത്തിലാണ് പൊലീസ് എഫ്.ഐ.ആര്‍ ഇടാൻ തയാറായത്.