ഇൻഡോർ മണ്ഡലത്തിൽ നോട്ടക്ക് വോട്ട് തേടി ക്യാമ്പയിന്‍ ശക്തമാക്കി കോൺഗ്രസ്
|കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നതിനാലാണ് നോട്ടക്കായി പ്രചാരണം നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇൻഡോർ മണ്ഡലത്തിൽ നോട്ടക്ക് വോട്ട് തേടി ക്യാമ്പയിന്‍ ശക്തമാക്കി കോൺഗ്രസ്. കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം പത്രിക പിൻവലിച്ച് ബി.ജെ.പിയിൽ ചേർന്നതിനാലാണ് നോട്ടക്കായി പ്രചാരണം നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. സ്ഥാനാർഥി ബി.ജെ.പിയിലെത്തിയത് കോൺഗ്രസ് നേതൃത്വത്തിന്‍റെ പരാജയമെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷൻ ഗൗരവ് രൺദീപ് മീഡിയവണിനോട് പറഞ്ഞു.
ബി.ജെ.പിയുടെ ശക്തികേന്ദ്രമായ ഇൻഡോറിൽ വിജയം ഏറെ ദുഷ്കരമായിരുന്നെങ്കിലും യുവനേതാവിനെ രംഗത്തിറക്കി കടുത്ത മത്സരം കാഴ്ചവയ്ക്കാമെന്ന കോൺഗ്രസിന്‍റെ പ്രതീക്ഷയാണ് സ്ഥാനാർഥി അക്ഷയ് കാന്തി ബാമിന്‍റെ കൂറുമാറ്റത്തോടെ അസ്തമിച്ചത്. എസ്.യു.സി.ഐ സ്ഥാനാർഥിക്കോ സ്വതന്ത്ര സ്ഥാനാർഥിക്കോ പിന്തുണ നൽകണമോയെന്ന് കോൺഗ്രസ് ചർച്ചചെയ്തെങ്കിലും വേണ്ടെന്ന് തീരുമാനിക്കുകയിരുന്നു. തുടർന്നാണ് നോട്ടക്ക് വോട്ട് ചെയ്യാൻ നേതൃത്വം തീരുമാനിച്ചത്. നേതാക്കളും പ്രവർത്തകരും പഴയതുപോലെ ജനങ്ങളെ കണ്ട് നോട്ടക്ക് വോട്ട് അഭ്യർഥിക്കുകയാണ്.
കോൺഗ്രസിന് അടിത്തറയില്ലേലും മോദിയിലുള്ള വിശ്വാസം കൊണ്ടാണ് എല്ലാവരും ബി.ജെ.പിയിലെത്തുന്നതെന്ന് ബി.ജെ.പി ഇൻഡോർ അധ്യക്ഷൻ ഗൗരവ് രൺദീപ് മീഡിയവണിനോനോട് പറഞ്ഞു. സിറ്റിങ് എംപി ശങ്കർ ലാൽവാനിയാണ് ബി.ജെ.പി സ്ഥാനാർഥി.