India
Gurmeet Ram Rahim Singh

ഗുർമീത് റാം റഹീം സിങ്

India

പരോളിലിറങ്ങിയ ശേഷം മെഗാ ശുചിത്വ കാമ്പയിനുമായി ഗുർമീത് റാം റഹീം; പരിപാടിയില്‍ ഹരിയാന ബി.ജെ.പി നേതാക്കളും

Web Desk
|
24 Jan 2023 4:12 AM GMT

ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം മെഗാ ശുചിത്വ കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് ദേരാ സച്ചാ സൗദ തലവന്‍

ചണ്ഡീഗഡ്: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുർമീത് റാം റഹീം സിങ് പരോളിലിറങ്ങിയിരിക്കുകയാണ്. 40 ദിവസത്തെ പരോളാണ് ഗുര്‍മീതിന് ലഭിച്ചിരിക്കുന്നത്. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം മെഗാ ശുചിത്വ കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് ദേരാ സച്ചാ സൗദ തലവന്‍.

തിങ്കളാഴ്ച ഹരിയാനയിലും മറ്റ് ചില സംസ്ഥാനങ്ങളിലും തന്‍റെ സംഘടനയുടെ സന്നദ്ധപ്രവർത്തകർ സംഘടിപ്പിച്ച മെഗാ ശുചിത്വ കാമ്പയിന്‍ ഗുർമീത് ഉദ്ഘാടനം ചെയ്തു.രാജ്യസഭാ എംപി കൃഷൻ ലാൽ പൻവാറും മുൻ മന്ത്രി കൃഷൻ കുമാർ ബേദിയും ഉൾപ്പെടെ ഹരിയാനയിൽ നിന്നുള്ള ഏതാനും മുതിർന്ന ബി.ജെ.പി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ഓണ്‍ലൈനായി പങ്കെടുത്ത ബിജെപി നേതാക്കളും മറ്റുള്ളവരും ജനുവരി 25 ന് വരുന്ന ദേര മുൻ മേധാവി ഷാ സത്‌നം സിങ്ങിന്‍റെ ജന്മദിനത്തിൽ ആശംസകൾ നേർന്നു.മുഖ്യമന്ത്രി എം.എൽ ഖട്ടാറിന്‍റെ ഒ.എസ്.ഡി(Officer on Special Duty) കൂടിയായ ബേദിയും പൻവാറും ശുചിത്വ യജ്ഞത്തെ പ്രശംസിച്ചു.താനും പൻവാറും സിർസ ദേര സന്ദർശിക്കുകയും ഫെബ്രുവരി 3 ന് നർവാനയിൽ സന്ത് രവിദാസ് ജയന്തിയുമായി ബന്ധപ്പെട്ട സംസ്ഥാനതല ചടങ്ങിലേക്കുള്ള ക്ഷണം കൈമാറിയതായും മുൻ മന്ത്രി പറഞ്ഞു. "നിങ്ങളുടെ നല്ല ആരോഗ്യത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു, നിങ്ങളുടെ അനുഗ്രഹം എപ്പോഴും ഞങ്ങളോടൊപ്പമുണ്ടാകും," പൻവാർ ഗുര്‍മീതിനോട് പറഞ്ഞു.

മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് ഗുര്‍മീതിന് അവസാനം പരോള്‍ ലഭിച്ചത്. 20 വര്‍ഷത്തെ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് ഹരിയാനയിലെ സുനൈരാ ജയിലില്‍ ആണ് ശിക്ഷ അനുഭവിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും ജൂണിലും ഇയാള്‍ക്ക് പരോള്‍ ലഭിച്ചിരുന്നു. 1948ല്‍ മസ്താ ബാലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ചാ സൗദായുടെ തലവനാണ് ഗുര്‍മീത് റാം റഹിം സിങ്. ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുര്‍മീത് തന്‍റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു. ഒടുവില്‍ 2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. തുടര്‍ന്ന് 2002ല്‍ ദേര മാനേജരായ രഞ്ജിത് സിംഗിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മറ്റ് നാല് പേര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷവും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. 16 വര്‍ഷം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 2019ലും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു.


Similar Posts