ഘർ വാപസിയിലൂടെ 100ലേറെ പേർ ഹിന്ദു മതം സ്വീകരിച്ചതായി ബി.ജെ.പി എം.എൽ.എ
|ആർ.എസ്.എസ് പോഷക സംഘടനയായ വിശ്വ ഹിന്ദു പരിഷത്താണ് ഘർ വാപസി ചടങ്ങ് സംഘടിപ്പിച്ചത്.
ബുലന്ദ്ശഹർ: ഘർ വാപസി പരിപാടിയിലൂടെ 100ലേറെ പേർ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്തതായി ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ. ഖുർജയിലെ 20 കുടുംബങ്ങളിൽ നിന്നാണ് ഇത്രയും പേർ മതം മാറി ഹിന്ദുക്കളായതെന്നും എം.എൽ.എ മീനാക്ഷി സിങ് പറഞ്ഞു.
ആർ.എസ്.എസ് പോഷക സംഘടനയായ വിശ്വ ഹിന്ദു പരിഷത്താണ് ഘർ വാപസി ചടങ്ങ് സംഘടിപ്പിച്ചത്. 'വിവിധ മതങ്ങളിൽപ്പെട്ട 100-125 ആളുകൾ സനാതന ധർമം പുൽകി'- മീനാക്ഷി സിങ് പറഞ്ഞു.
തലമുറകളോ വർഷങ്ങളോ മുമ്പ് അവരുടെ സാഹചര്യമോ ആശയക്കുഴപ്പമോ കാരണം സനാതന ധർമം ഉപേക്ഷിച്ചവരെ വീണ്ടും ഹിന്ദു സമൂഹത്തിലേക്ക് കൊണ്ടുവരികയാണ് ഈ പരിപാടിയിലൂടെ ചെയ്തതെന്നും മീനാക്ഷി സിങ് അഭിപ്രായപ്പെട്ടു.
ഇനി മുതൽ ശ്രീരാമനോടും ശ്രീകൃഷ്ണനോടും മറ്റ് ഹിന്ദു ദേവതകളോടും പ്രാർഥിക്കുമെന്ന് അവർ പ്രതിജ്ഞയെടുത്തതായും എം.എൽ.എ അവകാശപ്പെട്ടു.
മതപരിവർത്തനത്തിന്റെ ഭാഗമായ നിയമ നടപടികളും പരിപാടിയിൽ നടന്നു. ആചാരങ്ങൾ നടത്തുന്നതിന് മുമ്പ് എല്ലാ കുടുംബങ്ങളും സത്യവാങ്മൂലത്തിലൂടെ സമ്മതം നൽകിയിട്ടുണ്ടെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
മറ്റു മതങ്ങളിലേക്ക് മാറിയ ഹിന്ദുക്കളെ തിരിച്ചുകൊണ്ടുവരാൻ ആഹ്വാനം ചെയ്ത് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത് രംഗത്തെത്തിയിരുന്നു. ഹിന്ദു വിശ്വാസത്തിൽ നിന്ന് അകലാൻ ഒരു ഹിന്ദു സഹോദരനെയും അനുവദിക്കരുതെന്നും ഭാഗവത് പറഞ്ഞിരുന്നു.