India
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; ആഭ്യന്തര മന്ത്രാലയം പൂട്ടിയത് 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍
India

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; ആഭ്യന്തര മന്ത്രാലയം പൂട്ടിയത് 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍

Web Desk
|
21 Nov 2024 12:02 PM GMT

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി

ഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 17,000 വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ആഭ്യന്തര മന്ത്രാലയം ബ്ലോക്ക് ചെയ്തതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററാണ് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ കണ്ടെത്തി ബ്ലോക്ക് ചെയ്തത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

പരാതികള്‍ പരിശോധിച്ച ശേഷം സംശയാസ്പദമായി കണ്ടെത്തിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം വാട്‌സ്ആപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. കംബോഡിയ, മ്യാന്‍മര്‍, ലാവോസ്, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവയാണ് ഭൂരിഭാഗം അക്കൗണ്ടുകളും. ഇന്ത്യക്കാരെ കുടുക്കുന്നതില്‍ ഈ അക്കൗണ്ടുകള്‍ സജീവമായി പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഡിജിറ്റല്‍ അറസ്റ്റില്‍ തട്ടിപ്പുകാര്‍ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി ജനങ്ങളെ കബളിപ്പിക്കുകയും വലിയ തുകകള്‍ കൈമാറാന്‍ അവരെ സമ്മർദത്തിലാക്കുകയുമാണ് ചെയ്യുന്നത്. സിബിഐ ഏജന്റുമാരോ, ആദായ നികുതി ഉദ്യോഗസ്ഥരോ, കസ്റ്റംസ് ഏജന്റുമാരോ ചമഞ്ഞാണ് തട്ടിപ്പുകാര്‍ പ്രത്യക്ഷപ്പെടുക.

Similar Posts