'മന്ത്രിമാരുടെ പ്രവർത്തനം പോര'; കർണാടക മുഖ്യമന്ത്രിക്ക് പരാതിയുമായി 20 കോൺഗ്രസ് എം.എൽ.എമാർ
|പരാതിയെ തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ എംഎൽഎമാരുടെ യോഗം വിളിച്ചു
ബംഗളൂരു: കർണാടകയിൽ മന്ത്രിമാര്‍ക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഇരുപതിലധികം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരാതി നൽകി. ഭരണനിര്‍വഹണത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ബസവരാജ രായറെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഇരുപതിലധികം മുതിര്‍ന്ന എംഎല്‍എമാരും നിരവധി എം.എല്‍.സികളുമാണ് പരാതിക്കത്തില്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നതെന്നാണ് വിവരം. ഇവരെ അനുനയിപ്പിക്കാനായി അടുത്ത ദിവസം തന്നെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമുന്ത്രി ഡി.കെ ശിവകുമാര്‍ മറ്റു മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.
മുടങ്ങിക്കിടക്കുന്ന ജോലികളെക്കുറിച്ച് നിരവധി തവണ ഓര്‍മിപ്പിച്ചിട്ടും പല മുതിർന്ന മന്ത്രിമാരും പ്രതികരിക്കുന്നില്ലെന്ന് കോൺഗ്രസ് നിയമസഭാംഗങ്ങളുടെ പരാതിയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിലാണ് മുഖ്യമന്ത്രി യോഗം ചേരുന്നത്.
കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ജെ.ഡി.എസ്സും ബി.ജെ.പിയും ചേര്‍ന്ന് ഗൂഢാലോചനകള്‍ നടത്തുന്നുവെന്ന് കഴിഞ്ഞ ദിവസാണ് ഡി.കെ ശിവകുമാര്‍ ബംഗ്ലൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തന്നെ ഭരണകൂടത്തിനെതിരെ തിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നത്.