അഫ്ഗാനിലെ ഇന്ത്യന്‍ എംബസിയില്‍ കുടുങ്ങി കിടക്കുന്നത് ഇരുന്നൂറോളം പേരെന്ന് റിപ്പോര്‍ട്ട്
|കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ അഫ്ഗാനിലെ കാബൂള്‍ ഇന്ത്യന്‍ എംബസിയില്‍ കുടുങ്ങി കിടക്കുന്നത് ഇരുന്നുറോളം ഇന്ത്യക്കാര്‍. വിദേശകാര്യ മന്ത്രാലയം ജീവനക്കാരും പാരാമിലിറ്ററി സേനയും ഉള്‍പ്പടെയുള്ളവരാണ് രാജ്യം വിടാനായി കാത്തുകിടക്കുന്നത്.
സംഘര്‍ഷഭരിതമായ കാബുള്‍ വിമാനത്താവളത്തിലാണ് ഇന്ത്യയിലേക്ക് മടങ്ങുന്നവര്‍ക്കായുള്ള എയര്‍ക്രാഫ്റ്റുള്ളത്. എന്നാല്‍ തലസ്ഥാന നഗരിയില്‍ താലിബാന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എംബസിയില്‍ കുടുങ്ങി കിടക്കുന്നവരില്‍ നൂറോളം ഐ.ടി.ബി.പി സേന അംഗങ്ങളുള്ളതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാന്‍ വിടാനുള്ളവരെല്ലാം ഒഴുകിയെത്തിയതോടെ കാബൂള്‍ വിമാനത്താവളം ജനനിബിഡമായിരുന്നു. അതിനിടെയാണ് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയവുമായി കാബിനറ്റ് സെക്രട്ടറി കൂടിക്കാഴ്ച്ച നടത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.