അഫ്‌ഗാനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം ശക്തമാക്കി കേന്ദ്രം; രണ്ടു വിമാനങ്ങൾ കാബൂളിലെത്തി
|ഇരുന്നൂറിലധികം പേരെയാണ് ഇന്ത്യയിലെത്തിക്കാനുള്ളത്.
അഫ്‌ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ. ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ കാബൂളിലെത്തി. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങളാണ് കാബൂളിലെത്തിയത്. ഇരുന്നൂറിലധികം പേരെയാണ് ഇന്ത്യയിലെത്തിക്കാനുള്ളത്. വിമാനം പുറപ്പെടുന്ന സമയം സംബന്ധിച്ച് തീരുമാനമായിട്ടില്ല.
അഫ്ഗാന്‍ വിടാനുള്ളവരെല്ലാം ഒഴുകിയെത്തിയതോടെ കാബൂള്‍ വിമാനത്താവളം ജനനിബിഢമായിരുന്നു. അതിനിടെയാണ് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട പദ്ധതി രൂപീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയവുമായി കാബിനറ്റ് സെക്രട്ടറി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം തയാറാക്കിയിട്ടുണ്ട്. എന്നാൽ, അത് വിജയകരമായി നടപ്പാക്കുന്നത് ദുഷ്കരമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത് മറികടക്കാനുള്ള ശ്രമങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തില്‍ വിലയിരുത്തി വരികയാണ്.