India
ജയിലിൽ ഹിന്ദുമത വിശ്വാസികൾക്കൊപ്പം നവരാത്രി വ്രതം അനുഷ്ഠിച്ച് മുസ്‌ലിംകളും
India

ജയിലിൽ ഹിന്ദുമത വിശ്വാസികൾക്കൊപ്പം നവരാത്രി വ്രതം അനുഷ്ഠിച്ച് മുസ്‌ലിംകളും

Web Desk
|
2 Oct 2022 4:30 PM GMT

വ്രതം എടുക്കുന്നവരുടെ ഭക്ഷണ ആവശ്യങ്ങൾ കണക്കിലെടുത്ത് ജയിൽ അധികൃതർ കാന്‍റീനില്‍ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ലഖ്നൗ: ഹിന്ദു മതവിശ്വാസികളായ തടവുകാര്‍ക്കൊപ്പം നവരാത്രി വ്രതം അനുഷ്ഠിച്ച് മുസ്‌ലിംകളും. യു.പിയിലെ മുസഫർനഗർ ജില്ലാ ജയിലിലാണ് 200ഓളം മുസ്‌ലിം തടവുകാര്‍ ഒമ്പത് ദിവസത്തെ നവരാത്രി അനുഷ്ഠിക്കുന്നത്. ആകെ 3000 തടവുകാരാണ് ഈ ജയിലില്‍ ഉള്ളത്. ഇതില്‍ 1100 ഹിന്ദുമത വിശ്വാസികളും 218 ഇസ്‌ലാം മത വിശ്വാസികളുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്.

വിശുദ്ധ റമദാന്‍ മാസത്തിൽ പ്രഭാതം മുതൽ പ്രദോഷം വരെ നോമ്പെടുക്കുന്ന മുസ്‌ലിം തടവുകാര്‍ ഹിന്ദുക്കളായ തടവുകാരുടെ വികാരങ്ങള്‍ക്കൊപ്പം മനസുകൊണ്ട് ചേര്‍ന്നാണ് നവരാത്രി വ്രതം എടുക്കുന്നതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. വ്രതം എടുക്കുന്നവരുടെ ഭക്ഷണ ആവശ്യങ്ങൾ കണക്കിലെടുത്ത് ജയിൽ അധികൃതർ കാന്‍റീനില്‍ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

വ്രതത്തിലുള്ള അന്തേവാസികൾക്കായി പൂരി, വിവിധതരം പഴങ്ങൾ, പാൽ, ചായ, മറ്റ് വിഭവങ്ങൾ എന്നിവയാണ് കാന്‍റീനില്‍ ഒരുക്കിയിട്ടുള്ളതെന്ന് മുസഫര്‍നഗര്‍ ജയില്‍ സൂപ്രണ്ട് സീതാറാം ശര്‍മ പറഞ്ഞു. നവരാത്രി അല്ലെങ്കിൽ റമദാന്‍ പോലുള്ള മതപരമായ ആചരണങ്ങളിൽ തങ്ങൾ കൂടുതൽ ജാഗ്രത പുലർത്താറുണ്ടെന്നും തടവുകാർക്കിടയിൽ സാമുദായിക സൗഹാർദം വളർത്താനുള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും അദ്ദേഹം വിശദമാക്കി.

സംസ്കാരത്തിലും മതങ്ങളുടെ ഐക്യത്തിലും ആഴത്തിൽ വേരൂന്നിയ വിശ്വാസമാണ് വ്രതമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഒരു തടവുകാരന്‍ പ്രതികരിച്ചു. ജയിലിലെ മതസൗഹാർദം എങ്ങനെയാണെന്ന് കണ്ട് ജനങ്ങള്‍ പഠിക്കണം. ഹിന്ദു സഹോദരങ്ങൾക്ക് റമദാനിൽ വ്രതമെടുക്കാമെങ്കിൽ മുസ്‌ലിംകള്‍ക്ക് നവരാത്രിയിൽ വ്രതം അനുഷ്ഠിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്നേഹത്തിനുള്ള ഉത്തരം സ്നേഹം മാത്രമാണെന്നും വെറുപ്പല്ലെന്നും മറ്റൊരു തടവുകാരന്‍ അഭിപ്രായപ്പെട്ടു.

Similar Posts