ഉത്തർപ്രദേശിൽ ഡെങ്കിപ്പനി വ്യാപിക്കുന്നു; സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘം നേരിട്ടെത്തി
|അടുത്ത കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത് ഉത്തർപ്രദേശിലാണ്.
ഉത്തർപ്രദേശിൽ പകർച്ചപ്പനി വ്യാപിക്കുന്നു. കുട്ടികളുൾപ്പടെ നിരവധി പേർക്ക് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത് ഉത്തർപ്രദേശിലാണ്. സംസ്ഥാനത്തെ ഫിറോസബാദ് ജില്ലയിൽ ഡെങ്കിപ്പനി മൂലം നിരവധി പേർ മരിക്കുകയും കേന്ദ്ര സംഘം നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. ഫിറോസബാദിൽ 61 പേരാണ് ഇതുവെര ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ബുധനാഴ്ച മാത്രം എട്ട് പേരാണ് മരിച്ചത്. പനി മൂലം 450 പേർ നിലവിൽ ചികിത്സയിലുണ്ട്.
കാൺപൂർ ജില്ലയിലും സ്ഥിതി രൂക്ഷമാണ്. 250 ൽ അധികം രോഗികളെയാണ് കാൺപൂരിലെ വിദ്യാർഥി മെമ്മോറിയൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടാതെ പകർച്ച പനി ബാധിച്ചും ജനങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 25 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 10 കുട്ടികളും ഉൾപ്പെടുന്നുണ്ട്. കൂടാതെ കുറച്ചു പേർക്ക് മലേറിയ പിടിപ്പെട്ടുണ്ടെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സഞ്ജയ് കല പറഞ്ഞു.
സംസ്ഥാനത്തെ പല ജില്ലകളിലായി 1500 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം 9 പേർക്ക് മാത്രമാണ് ഇന്നലെ ഉത്തർ പ്രദേശിൽ കോവിഡ് സ്ഥിരീകിച്ചത്.