തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കോവിഡ്
|20 വിദ്യാർഥികൾക്കും 10 അധ്യാപകർക്കുമാണ് തമിഴ്നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്
തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപർക്കും കോവിഡ് സ്ഥിരീകരിച്ചു. 20 വിദ്യാർഥികൾക്കും 10 അധ്യാപകർക്കുമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിനെത്തുടര്‍ന്ന് അടച്ച സ്കൂളുകൾ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ഈ മാസം ഒന്നിനാണ് വീണ്ടും തുറന്നത്.
വിദ്യാർഥികൾക്കോ അധ്യാപകർക്കോ കോവിഡ് സ്ഥിരീകരിച്ചാൽ ഉടന്‍തന്നെ സ്കൂൾ അടച്ചുപൂട്ടി അണുവിമുക്തമാക്കണമെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി എം.എ സുബ്രമണ്യൻ നിര്‍ദേശിച്ചിട്ടുണ്ട്. മറ്റ് കോവിഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും വേണം. ഇതിനുപുറമെ സംസ്ഥാനത്തെ സ്കൂളുകളിൽ കൂട്ട പരിശോധന നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കോവിഡിനിടയില്‍ ക്ലാസുകളിലെത്താന്‍ ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ ഓൺലൈൻ പഠന സംവിധാനത്തില്‍ തുടരാമെന്ന് വിദ്യാഭ്യാസ മന്ത്രി കെ.പി അൻപഴകനും അറിയിച്ചിട്ടുണ്ട്.
കുട്ടികളുടെയും വിദ്യാർഥികളുടെയും ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണ് തമിഴ്നാട് സർക്കാർ സ്കൂളുകൾ തുറക്കാന്‍ തീരുമാനിച്ചത്. തുറക്കുന്നതിന് മുമ്പ് സ്കൂളുകൾ അണുവിമുക്തമാക്കുകയും കോവിഡ് മുന്‍കരുതലുകളെടുക്കുകയും ചെയ്തിരുന്നു. കോവിഡിൻ്റെ മൂന്നാം തരംഗത്തില്‍ കുട്ടികൾ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നിലനിൽക്കെയാണ് തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.