രണ്ടാം തരംഗത്തില്‍ അസമില്‍ 34,000 കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്
|ഈ വർഷം ഏപ്രിൽ മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളിൽ 12 ശതമാനമാണിതെന്നും ലക്ഷ്മണന്‍ പറയുന്നു
രണ്ടാം തരംഗത്തില്‍ അസമില്‍ 18 വയസിന് താഴെയുള്ള 34,066 കുട്ടികള്‍ക്ക് കോവിഡ് ബാധിച്ചിരുന്നതായി ദേശീയ ആരോഗ്യ മിഷന്‍ സംസ്ഥാന ഡയറക്ടര്‍ ഡോ. എസ്.ലക്ഷ്മണന്‍. ഈ വർഷം ഏപ്രിൽ മുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം കേസുകളിൽ 12 ശതമാനമാണിതെന്നും ലക്ഷ്മണന്‍ പറയുന്നു.
5,755 കേസുകള്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണെങ്കിൽ 28,851 പേർ 6 നും 18 നും ഇടയിൽ പ്രായമുള്ളവരാണ്. 34 കുട്ടികളിൽ കൂടുതലും കൊമോർബിഡിറ്റികളുള്ളവരാണ് അണുബാധയ്ക്ക് ഇരയായത്. ഇവരിൽ ഭൂരിഭാഗം പേർക്കും ഹൃദ്രോഗങ്ങള്‍, വൃക്ക തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരാണ്. പ്രത്യേകിച്ച് അഞ്ച് വയസിന് താഴെയുള്ളവര്‍.
കമ്രൂപ് മെട്രോപൊളിറ്റൻ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 5,346 കുട്ടികള്‍ക്കാണ് ഇവിടെ വൈറസ് ബാധിച്ചത്. ജില്ലയിലെ മൊത്തം 53,251 കേസുകളുടെ 10.04 ശതമാനം വരുമിത്. ദിബ്രുഗഡില്‍ 2,430 കുട്ടികള്‍ക്കാണ് കോവിഡ് ബാധിച്ചത്. നാഗോണ്‍- 2,288, കമ്രുപ് ഗ്രാമപ്രദേശം- 2,023, സോണിത്പൂർ-1839 എന്നിങ്ങനെയാണ് കണക്കുകള്‍. മറ്റ് ജില്ലകളിലും 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കിടയില്‍ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് പോസിറ്റീവായ മാതാപിതാക്കളുടെ ഒപ്പം താമസിച്ച കുട്ടികളെയും കോവിഡ് ബാധിച്ചിട്ടുണ്ടെന്ന് എന്‍.എച്ച്.എം ഡയറക്ടര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ വൈറസ് ബാധിച്ച മുതിര്‍ന്നവര്‍ കുട്ടികളിലേക്ക് രോഗം പകരുന്നത് തടയുന്നതിനായി വീട്ടില്‍ സൌകര്യമില്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈന്‍ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
എല്ലാ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും കോവിഡ് പീഡിയാട്രിക് ഐസിയു സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരുൾപ്പെടെ അയ്യായിരത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് ഇതിനകം പരിശീലനം നൽകിയിട്ടുണ്ട്, അതിനാൽ പരമാവധി ജീവൻ രക്ഷിക്കാനാകുമെന്ന് ഡയറക്ടർ കൂട്ടിച്ചേർത്തു.