കോവിഡ് വാക്സിന്‍; നിശ്ചയിച്ച സമയത്തിനുള്ളില്‍ രണ്ടാം ഡോസ് കിട്ടാത്തത് 3.89 കോടി പേര്‍ക്കെന്ന് കേന്ദ്രം
|വിവരാവകാശ അന്വേഷണത്തിലാണ് കേന്ദ്രത്തിന്‍റെ മറുപടി
രാജ്യത്ത് 3.86 കോടി പേര്‍ക്ക് നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ കോവിഡ് വാക്സിന്‍റെ രണ്ടാം ഡോസ് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ആക്ടിവിസ്റ്റായ രാമന്‍ ശര്‍മ സമര്‍പ്പിച്ച വിവരാവകാശ അന്വേഷണത്തിലാണ് കേന്ദ്രത്തിന്‍റെ മറുപടി. ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചശേഷം നിശ്ചിത സമയപരിധിക്കുള്ളില്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കണമെന്നാണ് ശിപാര്‍ശ.
കോവിഷീല്‍ഡ് വാക്സിന്‍ ഒന്നാം ഡോസ് എടുത്തിനുശേഷം 84 മുതല്‍ 112 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം ഡോസ് എടുക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ സെല്‍ വ്യക്തമാക്കുന്നത്. കോവാക്സിനാണെങ്കില്‍ 28 മുതല്‍ 42 ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കണം.
കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഇന്ന് ഉച്ചവരെ 44,22,85,854 പേര്‍ക്കാണ് ഒന്നാം ഡോസ് കുത്തിവെപ്പ് നല്‍കിയത്. 12,59,07,443 പേര്‍ക്ക് രണ്ടാം ഡോസ് കുത്തിവെപ്പും നല്‍കി.
ആഗസ്റ്റ് 17 വരെ കോവിഷീല്‍ഡ് ആദ്യ ഡോസ് വാക്സിന്‍ എടുത്ത ശേഷം 3,40,72,993 പേര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. 46,78,406 പേര്‍ക്ക് കോവാക്സിന്‍ ആദ്യ ഡോസ് എടുത്തശേഷം സമയപരിധിക്കുള്ളില്‍ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാന്‍ കഴിഞ്ഞിട്ടില്ല.
അതേസമയം, രണ്ടാം ഡോസ് വാക്സിന്‍ എടുക്കാന്‍ കഴിയാത്തവര്‍ ഒന്നാം ഡോസ് വീണ്ടുമെടുക്കണമെന്ന നിര്‍ദേശമില്ലെന്ന് വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ സെല്‍ അറിയിച്ചു. എന്നാല്‍, വാക്സിനേഷന്റെ മുഴുവന്‍ ഗുണവും ലഭിക്കാന്‍ ഒരേ വാക്സിന്‍ തന്നെ രണ്ടുഡോസെടുക്കണമെന്നും അവര്‍ വ്യക്തമാക്കി.