ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടം; 50ലേറെ വീടുകൾ തകർന്നു; 500ഓളം പേരെ മാറ്റിപ്പാർപ്പിച്ചു
|കുടിയിറക്കപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ പരിഹരിക്കാനായി മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾക്കൊള്ളുന്ന ആരോഗ്യ ക്യാമ്പും ആരംഭിച്ചിട്ടുണ്ട്.
ശ്രീനഗർ: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടം. 58 വീടുകൾ പൂർണമായും 100 വീടുകൾ ഭാഗികമായും തകർന്നു. ഇതേ തുടർന്ന് 500ലധികം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് മുതലാണ് ഗ്രാമത്തിൽ പ്രകൃതിക്ഷോഭം ആരംഭിച്ചത്.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ദുരിതബാധിത കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാൻ പെർനോട്ട് വില്ലേജിലെ മണ്ണിടിച്ചിൽ മൂലമുള്ള നാശനഷ്ടങ്ങളുടെ വിലയിരുത്തലും യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചതായി ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.
മണ്ണിടിച്ചിലിൽ നാല് ട്രാൻസ്മിഷൻ ടവറുകൾ, ഒരു പവർ റിസീവിങ് സ്റ്റേഷൻ, ഗൂൾ സബ് ഡിവിഷനെ റംബാൻ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന റോഡിൻ്റെ ഒരു ഭാഗം എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ഡെപ്യൂട്ടി കമ്മീഷണർ ബസീറുൽ ഹഖ് ചൗധരിയുടെ മേൽനോട്ടത്തിൽ റംബാൻ ജില്ലാ ഭരണകൂടം ദുരിതബാധിതരായ എല്ലാ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ജില്ലാ ഭരണകൂടം ഒഴിപ്പിക്കൽ നടത്തിയത്.
ദുരിതബാധിതരായ ഭൂരിഭാഗം കുടുംബങ്ങളെയും മൈത്ര കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റി. ദേശീയ- സംസ്ഥാന ദുരന്തനിവാരണ സേന, പൊലീസ്, സിവിൽ വോളൻ്റിയർമാർ, മറ്റ് സംഘടനകൾ എന്നിവരെ രക്ഷാപ്രവർത്തനത്തിനായി അണിനിരത്തുന്നതിനൊപ്പം ദുരിതബാധിതരെ സഹായിക്കാനായി റംബാൻ ബ്ലോക്ക് ഡെവലപ്‌മെൻ്റ് ഓഫീസർ യാസിർ വാനിയുടെ മേൽനോട്ടത്തിൽ 24x7 കൺട്രോൾ റൂമും സ്ഥാപിച്ചിട്ടുണ്ട്.
കൂടാതെ, കുടിയിറക്കപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ പരിഹരിക്കാനായി മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾക്കൊള്ളുന്ന ആരോഗ്യ ക്യാമ്പ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശുചീകരണവും ശുചിത്വവും പരമപ്രധാനമായതിനാൽ, ജില്ലാ ഭരണകൂടം ആരോഗ്യ ക്യാമ്പുകളിൽ ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നു. മാത്രമല്ല, ദുരിതബാധിതർക്ക് കൃത്യസമയത്തും ശുചിത്വത്തോടെയും ഭക്ഷണം നൽകാനായി ഒരു കമ്മ്യൂണിറ്റി കിച്ചണും ആരംഭിച്ചിട്ടുണ്ട്.
അതിനിടെ, റംബാനിലെ മണ്ണിടിച്ചിൽ വിലയിരുത്താനും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഉന്നത വിദഗ്ധരുടെ സംഘത്തെ അയക്കണമെന്ന് നാഷണൽ കോൺഫറൻസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.