പൊലീസ് സ്റ്റേഷൻ ആക്രമിച്ച് വനം കൊള്ളക്കാരനടക്കം മൂന്ന് പ്രതികളെ മോചിപ്പിച്ച് കൂട്ടാളികൾ; നാല് ഉദ്യോസ്ഥർക്ക് പരിക്ക്
|വെള്ളിയാഴ്ച പകൽ പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ആക്രമണം.
ബുർഹാൻപൂർ: പൊലീസ് സ്റ്റേഷൻ ആക്രമിച്ച് വനം കൊള്ളക്കാരൻ ഉൾപ്പെടെ മൂന്നു പ്രതികളെ ലോക്കപ്പിൽ നിന്ന് മോചിപ്പിച്ച് അനുയായികളായ അക്രമികൾ. മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ നേപ്പാനഗർ പൊലീസ് സ്റ്റേഷനിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. ആക്രമണത്തിൽ നാല് പൊലീസുകാർക്ക് പരിക്കേറ്റു.
പരിക്കേറ്റ പൊലീസുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വനം കൊള്ളക്കാരൻ ഹേമ മേഘ്വാൾ, കൂട്ടാളികളായ മേഗൻ പട്ടേൽ, നവാഡി പട്ടേൽ എന്നിവരെയാണ് അക്രമികളെത്തി മോചിപ്പിച്ചത്. പൊലീസ് പ്രതികളെ വെള്ളിയാഴ്ച പകൽ കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ആക്രമണം.
ബക്രി ഫോറസ്റ്റ് ഔട്ട്പോസ്റ്റിൽ നിന്ന് തോക്കുകൾ കൊള്ളയടിച്ചെന്ന കേസിൽ വ്യാഴാഴ്ചയാണ് മേഘ്വാളും കൂട്ടാളികളും പിടിയിലായതെന്ന് ബുർഹാൻപൂർ എസ്.പി രാഹുൽ കുമാർ ലോധ പറഞ്ഞു. ആക്രമണ സമയം എ.എസ്.ഐ ഗുലാബ് സിങ്, അജയ് മാളവ്യ എന്നിവരടക്കം നാല് പൊലീസുകാർ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്.
60ലേറെ പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്. പൊലീസുകാരെ കൈയേറ്റം ചെയ്ത അക്രമികൾ ഇവിടെയുണ്ടായിരുന്ന വാഹനങ്ങളും തകർത്തു. അക്രമികളെ തിരിച്ചറിയാൻ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാമെന്നും ഉടൻ പിടികൂടുമെന്നും എസ്.പി അറിയിച്ചു.
സംഭവത്തിനു പിന്നാലെ എസ്.പിയടക്കമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും കലക്ടർ ഭവ്യ മിത്തലും സ്ഥലത്തെത്തി. ആക്രമണത്തെ തുടർന്ന് നഗരത്തിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.