India
Over 65 lakh students failed 10th and 12th classes in the country last year: report
India

കഴിഞ്ഞ വർഷം രാജ്യത്ത് 10, 12 ക്ലാസുകളിൽ പരാജ‌യപ്പെട്ടത് 65 ലക്ഷത്തിലധികം വിദ്യാർഥികൾ: റിപ്പോർട്ട്

Web Desk
|
21 Aug 2024 3:13 PM GMT

പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരാജയപ്പെട്ടത് മധ്യപ്രദേശിൽ

ന്യൂഡൽഹി: കഴിഞ്ഞ വർഷം രാജ്യത്ത് 65 ലക്ഷത്തിലധികം വിദ്യാർഥികൾ 10, 12 ക്ലാസ് പരീക്ഷകളിൽ പരാജയപ്പെട്ടു. തോൽവിയുടെ നിരക്ക് സെൻട്രൽ ബോർഡിനേക്കാൾ കൂടുതൽ സംസ്ഥാന ബോർഡുകളിലാണെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. 56 സംസ്ഥാന ബോർഡുകളും മൂന്ന് ദേശീയ ബോർഡുകളും ഉൾപ്പെടെ 59 സ്കൂൾ ബോർഡുകളുടെ 10, 12 ക്ലാസുകളിലെ ഫലങ്ങളുടെ വിശകലനമാണ് നടത്തിയത്.

സ്വകാര്യ, എയ്ഡഡ് സ്‌കൂളുകളിലേക്കാളും കൂടുതൽ പെൺകുട്ടികൾ 12-ാം ക്ലാസ് പരീക്ഷ എഴുതിയത് സർക്കാർ സ്‌കൂളുകളിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പത്താം ക്ലാസിലെ 33.5 ലക്ഷം വിദ്യാർത്ഥികളാണ് തുടർപഠനത്തിന് യോ​ഗ്യത നേടാത്തത്. 5.5 ലക്ഷം വി​​ദ്യാർഥികൾ പരീക്ഷയ്ക്ക് ഹാജരാകാതിരുന്നപ്പോൾ 28 ലക്ഷം പേർ പരാജയപ്പെട്ടു.ഏകദേശം 32.4 ലക്ഷം 12ാം ക്ലാസ് വിദ്യാർഥികളും തുടർപഠനത്തിന് യോ​ഗ്യത നേടിയില്ല. ഇതിൽ 5.2 ലക്ഷം പേർ പരീക്ഷയെഴുതാതിരുന്നപ്പോൾ 27.2 ലക്ഷം പേർ പരാജയപ്പെട്ടു.

പത്താം ക്ലാസിൽ, സെൻട്രൽ ബോർഡിലെ വിദ്യാർഥികളുടെ പരാജയ നിരക്ക് ആറ് ശതമാനമാനവും സംസ്ഥാന ബോർഡുകളിൽ ഇത് 16 ശതമാനവുമാണ്. സമാനമായി, 12-ാം ക്ലാസിൽ സെൻട്രൽ ബോർഡിലെ പരാജയ നിരക്ക് 12 ശതമാനവും സംസ്ഥാന ബോർഡുകളുടേത് 18 ശതമാനവുമാണ്. രണ്ട് ക്ലാസുകളിലും ഓപ്പൺ സ്കൂളുകളുടെ പ്രകടനവും മോശമാണെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരാജയപ്പെട്ടത് മധ്യപ്രദേശ് ബോർഡിലാണ്. തൊട്ടുപിന്നാലെയുള്ളത് ബിഹാറും ഉത്തർപ്രദേശുമാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2023ൽ വിദ്യാർഥികളുടെ മൊത്തത്തിലുള്ള പ്രകടനം മോശമാണ്. സിലബസിന്റെ വലുപ്പമായിരിക്കാം ഇതിന് കാരണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

സർക്കാർ സ്‌കൂളുകളിൽ നിന്ന് 10, 12 ക്ലാസുകളിൽ ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികളാണ് പരീക്ഷ എഴുതിയത്. സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് സ്‌കൂളുകളിൽ വിജയ പ്രകടനത്തിൽ പെൺകുട്ടികൾ ആധിപത്യം പുലർത്തുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Similar Posts