'ബി.ജെ.പിക്ക് തിരിച്ചടിയായത് അമിത ആത്മവിശ്വാസം'; പ്രവർത്തകരോട് യോഗി ആദിത്യനാഥ്
|പാർട്ടി നേതാക്കളോടും പ്രവർത്തകരോടും സോഷ്യൽ മീഡിയയിൽ സജീവമാകാനും യോഗിയുടെ നിര്‍ദേശം
ലഖ്നൗ: അമിത ആത്മവിശ്വാസമാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയായതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്നൗവിലെ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ ഭീംറാവു അംബേദ്കർ ഓഡിറ്റോറിയത്തിൽ നടന്ന ബിജെപി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ യോഗമായിരുന്നു ഇത്.
അമിത ആത്മവിശ്വാസം സംസ്ഥാനത്ത് ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രതീക്ഷകളെ വ്രണപ്പെടുത്തിയെന്നും ആഗ്രഹിച്ച വിജയം നേടുന്നതിൽ നിന്ന് തടഞ്ഞതെന്നും യോഗി പറഞ്ഞു.
''പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഞങ്ങൾ പ്രതിപക്ഷത്തിന്മേൽ നിരന്തരമായ സമ്മർദം നിലനിർത്തുകയും 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിലും 2017, 2022 നിയമസഭാ തെരഞ്ഞെടുപ്പുകളിലും ആഗ്രഹിച്ച വിജയം നേടുകയും ചെയ്തു. മുൻ തെരഞ്ഞെടുപ്പുകളിലേതിന് സമാനമായ വോട്ട് 2024ലും ബിജെപിക്ക് നേടാനായി. എന്നിരുന്നാലും, വോട്ടുകളുടെ വ്യതിയാനവും അമിത ആത്മവിശ്വാസവും പ്രതീക്ഷകളെ വ്രണപ്പെടുത്തി.' യോഗി പറഞ്ഞു.
ഇനി വരാനിരിക്കുന്ന നിയമസഭാ, ഉപതെരഞ്ഞെടുപ്പുകൾക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാനും മുഖ്യമന്ത്രി എം.പിമാരോടും എം.എൽ.എമാരോടും പാർട്ടി പ്രവർത്തകരോടും അഭ്യർഥിച്ചു. സംസ്ഥാനത്ത് ഒരിക്കൽ കൂടി ബിജെപിയുടെ പതാക ഉയർത്തണമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു. പാർട്ടി നേതാക്കളോടും പ്രവർത്തകരോടും സോഷ്യൽ മീഡിയയിൽ സജീവമാകാനും കിംവദന്തികൾ ഉടനടി തള്ളിക്കളയണമെന്നും നിർദേശിച്ചു.സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദയും പങ്കെടുത്തിരുന്നു.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് 33 സീറ്റുകൾ മാത്രമാണ് നേടാനായത്. 2019 ൽ 62 സീറ്റുകൾ നേടിയിരുന്ന സ്ഥാനത്തായിരുന്നു ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നത്.