ശരദ് പവാറും ഉദ്ധവ് താക്കറെയും ബി.ജെ.പിക്ക് 'പണി' കൊടുക്കുമോ? മഹാരാഷ്ട്രയിൽ ഒരുങ്ങുന്നത് ഉഗ്രൻ പോര്
|മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത തിരിച്ചടികളിലൂടെ കടന്നുപോകുകയാണ് ശരദ് പവാർ. സ്ഥാപക നേതാവിനെ അപ്രസക്തനാക്കി കാൽനൂറ്റാണ്ടിന് ശേഷം സഹോദര പുത്രൻ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കിയിരിക്കുകയാണ്.
ലോക്സഭാ സീറ്റുകളുടെ എണ്ണംകൊണ്ട് വലിയ സംസ്ഥാനമാണെങ്കിലും ആ 'വലുപ്പത്തോളം' പോന്ന പ്രശ്നങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയെ സജീവമാക്കുന്നത്. 80 സീറ്റുള്ള ഉത്തർപ്രദേശ് കഴിഞ്ഞാൽ രണ്ടാമതാണ് മഹാരാഷ്ട്ര. 48 എം.പിമാരെയാണ് ഇവിടെ നിന്നും തെരഞ്ഞടുത്ത് ഡല്‍ഹിക്ക് അയക്കേണ്ടത്. അതിനാല്‍ തന്നെ മഹാരാഷ്ട്രയിലെ ഓരോ ചലനങ്ങളും ദേശീയ രാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷ്ടിക്കുമെന്നുറപ്പ്.
കോണ്‍ഗ്രസും ശിവസേനയും ബി.ജെ.പിയും എന്‍.സിപിയും ചേര്‍ന്നാണ് ഈ സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഇതില്‍ ഒരു കാലത്തും ഇല്ലാത്ത പ്രശ്നങ്ങളാണ് ശിവസേനയും എന്‍.സിപിയും അഭിമുഖീകരിക്കുന്നത്. പാര്‍ട്ടി ഉണ്ടായ ശേഷം നെടുകെ പിളര്‍ന്ന അവസ്ഥ. ഉയര്‍ച്ചയും താഴ്ച്ചയും ഏറെ കണ്ട കോണ്‍ഗ്രസ് ഇപ്പോള്‍ പ്രധാന നേതാക്കളെ നഷ്ടപ്പെട്ട നിലയിലും. എല്ലാത്തിലും 'കോലിട്ട്' തങ്ങളുടെ നില ഭദ്രമാക്കിയിരിക്കുകയാണ് ബി.ജെ.പി. അവരുടെ കുതന്ത്രങ്ങളിലും കാലുവാരലിലുമാണ് പ്രധാന പാർട്ടികളൊക്കെ നെടുകെ പിളർന്നത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരെ മുന്നില്‍ നിര്‍ത്തിയാണ് മോദിയും അമിത് ഷായും കളിക്കുന്നത്.
മഹാരാഷ്ട്രയിലെ ജാതിസമവാക്യങ്ങൾ
വിദർഭ, മറാഠ്വാഡ, പശ്ചിമ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര, കൊങ്കൺ, മുംബൈ–താനെ എന്നിങ്ങനെ സംസ്ഥാനത്തെ ആറു മേഖലകളിലാക്കി തിരിക്കാം. ജാതി-മതസമവാക്യങ്ങളൊക്കെ തരംപോലെ ചേര്‍ത്താണ് ഇവിടങ്ങളിലെ നീക്കങ്ങളെല്ലാം. മറാത്തകൾക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും 10% സംവരണത്തിന് അംഗീകാരം നൽകിയുള്ള സര്‍ക്കാറിന്റെ നീക്കമെല്ലാം ഇതിന്റെ ഭാഗമാണ്. നിലവിൽ സംസ്ഥാന ജനസംഖ്യയുടെ 28% ആണ് മറാത്ത വിഭാഗം. മറാത്ത സംവരണ പ്രക്ഷോഭം സംസ്ഥാനത്ത് ആളിപ്പടര്‍ന്നിരുന്നു. സംസ്ഥാനത്ത് ഇതുവരെ അധികാരത്തിലെത്തിയ മുഖ്യമന്ത്രിമാരിൽ ഭൂരിഭാഗം പേരും മറാത്ത വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഈ വിഭാഗക്കാരനാണ്. മറാഠകളിൽ ഒരു വിഭാഗത്തിന് ഒബിസി ക്വോട്ടയിൽ സംവരണം നൽകിയതോടെ ഒബിസികള്‍ക്കിടയിലും അസ്വസ്ഥകള്‍ മുളപൊട്ടിയിട്ടുണ്ട്. ഇതെല്ലാം കാര്യമായിത്തന്നെ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കും എന്ന് ഉറപ്പ്.
2019ൽ സംഭവിച്ചത്, 2024ല്‍ എത്തിയപ്പോള്‍ ബാക്കിയായത്
കോൺഗ്രസും എൻസിപിയും ചേർന്ന യുപിഎയും ബിജെപിയും ശിവസേനയും ചേർന്ന എൻഡിഎയുമാണ് 2019ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത്. മത്സരിച്ച 25ൽ 23 സീറ്റുകൾ ബിജെപി നേടിയപ്പോൾ മത്സരിച്ച 23ൽ 18 സീറ്റുകൾ നേടി ശിവസേനയും കരുത്ത് കാട്ടി.
യുപിഎ സഖ്യത്തിൽ എൻസിപി 19 സീറ്റുകളിൽ മത്സരിച്ചപ്പോൾ ജയിക്കാനായത് വെറും നാലെണ്ണത്തിൽ മാത്രം. 25 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസാകട്ടെ തോറ്റമ്പുകയും ചെയ്തു. ഒരാളെ മാത്രമെ ലോക്സഭയിലേക്ക് എത്തിക്കാനായുള്ളൂ. വിദർഭ മേഖലയിലെ ചന്ദ്രപൂർ മണ്ഡലമാണ് മോദി കൊടുങ്കാറ്റിലും ഇളകാതെ കോൺഗ്രസിനൊപ്പം നിന്നത്. എന്നാൽ അവിടെ നിന്നും തെരഞ്ഞെടുക്കപ്പെട്ട സുരേഷ് ധനോർക്കർ 2023 മെയിൽ അന്തരിച്ചു. ഈ സീറ്റ് ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിനും ഇവിടെ നിന്നൊരു എം.പിയുണ്ട്. ഔറംഗാബാദ് മണ്ഡലത്തിലെ ഇംതിയാസ് ജലീലാണ് എ.ഐ.എം.ഐ.എം പ്രതിനിധി. സ്വതന്ത്രവേഷത്തിൽ തെലുങ്ക് നടി നവ്നീത് കൗറും അമരാവതി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. യുപിഎയുടെ പിന്തുണ നവ്നീത് കൗറിനുണ്ടായിരുന്നു.
അഞ്ച് വർഷങ്ങൾക്കിപ്പുറം 2024ൽ എത്തുമ്പോൾ 'ഇൻഡ്യ' എന്ന ബാനറിന് കീഴിൽ ശിവസേനയിലിലെ ഉദ്ധവ് വിഭാഗവും എൻസിപിയിലെ ശരത് പവാർ വിഭാഗവും കോൺഗ്രസും ചേർന്ന് മഹാവികാസ് അഘാഡിയായാണ്(എം.വി.എ) പോരിനിറങ്ങുന്നത്. മറുപുറത്ത് എൻഡിഎ തന്നെ, കൂട്ടിന് ശിവസേനയിലെ ഷിൻഡെയും എൻ.സി.പിയിലെ അജിത് പവാറും. നേരത്തെയുണ്ടായിരുന്ന18ൽ 13 എംപിമാർ ഇപ്പോൾ ഷിൻഡെ പക്ഷത്താണ്. നാലിൽ രണ്ട് എംപിമാർ അജിത് പവാറിനൊപ്പവും.
നേതാക്കളൊഴിഞ്ഞ് കോൺഗ്രസ്, എന്നിട്ടും തളരാതെ മുന്നോട്ട്
നേതാക്കളുടെ കൊഴിഞ്ഞുപോക്ക് പുതുമയല്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് വിട്ടൊഴിയുന്നവരുടെ വേഗത കൂടിയിട്ടുണ്ട്. അതിലെ പ്രധാനിയായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ അശോക് ചവാൻ. കോൺഗ്രസ് ദേശീയ നേതൃത്വവുമായോ സംസ്ഥാന നേതൃത്വവുമായോ കാര്യമായ അഭിപ്രായ ഭിന്നതകളൊന്നും കേട്ടിരുന്നില്ല. എന്നിട്ടും അശോക് ചവാൻ ബി.ജെപിയെ പുൽകി. ബാബ സിദ്ദീഖി, മിലിന്ദ് ദേവ്റ , ബസവരാജ് പാട്ടീൽ എന്നിവരൊക്കെ ഈ വർഷം പുലർന്നതിൽ പിന്നെ പാർട്ടി വിട്ടവരാണ്. എങ്കിലും സംസ്ഥാന പ്രസിഡന്റ് നാനാ പടോളയുടെ കീഴിൽ പാർട്ടി സജീവമായി തന്നെ രംഗത്തുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിൽ സമാപിക്കുന്നതോടെ അടിത്തട്ട് ഇളക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്കാണ് സംസ്ഥാനത്തിന്റെ ചുമതല. വിദർഭ, മറാഠ്വാഡ, പശ്ചിമ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര, കൊങ്കൺ, മുംബൈ–താനെ എന്നിങ്ങനെ സംസ്ഥാനത്തെ ആറു മേഖലകളിലും ചെന്നിത്തല പര്യടനം പൂര്‍ത്തിയാക്കുകയും 288 നിയമസഭാ മണ്ഡലങ്ങളിലും നിരീക്ഷകരെ നിയോഗിക്കുകയും ചെയ്തിരുന്നു.
പേരും ചിഹ്നവും നഷ്ടപ്പെട്ട് ഉദ്ധവ് താക്കറെ
ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർത്ഥ ശിവസേനയായി അംഗീകരിച്ചതും പാർട്ടിയുടെ പേരും ചിഹ്നവും ഒക്കെ നഷ്ടപ്പെട്ടതിന്റെയും അങ്കലാപ്പിലാണ് ഉദ്ധവ് താക്കറയുടെ ശിവസേന. വിഷയം ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണിനയിലാണ്. ഒപ്പമുള്ള 17 എം.എൽ.എമാരും സഞ്ജയ് റാവത്തിനെപ്പോലുള്ള തീപ്പൊരി നേതാക്കളുമൊക്കെയാണ് ശിവസേന(ഉദ്ധവ് ബാലസാഹെബ് താക്കറെ)യുടെ ശക്തി. അതിനിടെ ടീമിലുള്ളവരെ വലവീശിപ്പിടിക്കാൻ ബിജെപി ശ്രമിക്കുമോ എന്ന പേടിയും പാർട്ടിക്കുണ്ട്. ആരെയും കേള്‍ക്കാതെയുള്ള ഉദ്ധവിന്റെ പെരുമാറ്റത്തില്‍ അതൃപ്തിയുള്ളവരും ആ പാര്‍ട്ടിയിലുണ്ട്.
സമാനതകളില്ലാത്ത തിരിച്ചടി, ഏകനായി ശരദ് പവാറും എൻസിപിയും
മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത തിരിച്ചടികളിലൂടെ കടന്നുപോകുകയാണ് ശരദ് പവാർ. സ്ഥാപക നേതാവിനെ അപ്രസക്തനാക്കി കാൽനൂറ്റാണ്ടിന് ശേഷം സഹോദര പുത്രൻ പാർട്ടിയെ കൈപ്പിടിയിൽ ഒതുക്കിയിരിക്കുകയാണ്. ഒരുകാലത്ത് ദേശീയരാഷ്ട്രീയത്തിൽ തന്നെ പ്ലേമേക്കർ റോൾ വഹിച്ച ശരദ് പവാറാണ്, ഇപ്പോൾ പേരും ചിഹ്നവും നഷ്ടപ്പെട്ട് തപ്പിത്തടയുന്നത്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ) എന്നാണ് പാര്‍ട്ടിയുടെ പുതിയ പേര്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പൂട്ടാൻ ഇൻഡ്യാ സഖ്യത്തിനാകുമെന്ന തോന്നൽ പ്രചരിക്കുന്നതിനിടെയാണ് എൻ.സി.പി പിളരുന്നത്. അന്വേഷണ ഏജൻസികളാൽ വലയുന്ന അജിത് പവാറിനെ സ്വന്തം പാളയത്തിലെത്തിക്കാൻ ബി.ജെപി നീക്കം തുടങ്ങിയിട്ട് നാൾ ഏറെയായിരുന്നു. എന്നാൽ ശരത് പവാറിന്റെ തണലിൽ അദ്ദേഹം അടങ്ങി. ഏറെ നാൾ തന്റെ സഹോദര പുത്രനെ കൊണ്ടുപോകാൻ ശരത് പവാറിനും കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ആശീർവാദത്തോടെയാണ് അജിത് പാർട്ടി വിട്ടതെന്ന് തുടക്കത്തിൽ പറയപ്പെട്ടിരുന്നു.
എന്നാൽ പേരും ചിഹ്നവും നഷ്ടപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ പോയത് ശരത് പവാറിന് കനത്ത തിരിച്ചടിയായി. അജിത് പവാറിനെ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ ശരദ് പവാർ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പിളര്‍പ്പിനു മുന്‍പ് 53 എംഎല്‍എമാരായിരുന്നു എന്സിപിയ്ക്കുണ്ടായിരുന്നത്. 41 പേരും അജിത്തിനൊപ്പം ചേര്‍ന്നതോടെ ശരദ് പവാറിനൊപ്പമുള്ളത് വെറും 12 പേര് മാത്രമാണ്.
മഹാവികാസ് അഘാഡിയിൽ കല്ലുകടി, സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഘടകകക്ഷികൾ
ഇൻഡ്യ മുന്നണി പ്രതീക്ഷവെച്ചുപുലർത്തുന്ന ഈ സംസ്ഥാനത്ത് നിന്ന് സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ അത്ര സുഖമുള്ളതല്ല.
മഹാവികാസ് അഘാഡിയില്‍ (എം.വി.എ.) സീറ്റുവിഭജനം കാക്കാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് ഘടകകക്ഷികള്‍. കോൺഗ്രസും എൻ.സി.പി. ശരദ് പവാർ വിഭാഗവും ശിവസേനയും (ഉദ്ധവ്) പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്സഭാ മണ്ഡലത്തില്‍ ഉദ്ധവ് ശിവസേന സ്ഥാനാര്‍ഥിയായി യുവനേതാവ് അമോല്‍ കീര്ത്തികറെയാണ് പ്രഖ്യാപിച്ചത്. ശിവസേനയുടെ ഏകപക്ഷീയ തീരുമാനത്തിനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്ത് എത്തിക്കഴിഞ്ഞു. സഞ്ജയ്ക്ക് ഈ സീറ്റിലൊരു കണ്ണുണ്ടായിരുന്നു.
നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലെ സിറ്റിങ് എം.പി. ഗജാനന്‍ കീര്‍ത്തികറുടെ മകനാണ് അമോല്‍. ശിവസേന പിളര്‍ന്നതോടെ ഗജാനന്‍ കീര്‍ത്തികര്‍, ഷിന്‍ഡേ വിഭാഗത്തോടൊപ്പം ചേര്‍ന്നിരുന്നു. അച്ഛന്-മകന് പോര് കണ്ടാണ് ഉദ്ധവ് താക്കറെ നേരത്തെ അമോലിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. അതോടൊപ്പം അച്ഛന്റെ കൂടെ മകനും പോകുമോ എന്ന ആശങ്കയും ഉദ്ധവിനെ വേട്ടയാടിയിട്ടുണ്ടാവും. ശരദ്പവാര്‍ എൻ.സി.പി വിഭാഗം ബാരാമതിയിലും ഷിരൂരിലും കോണ്‍ഗ്രസ് സോളാപുരിലും ഹിംഗോളിയിലും അഭിപ്രായ സമന്വയത്തിന് കാത്തുനില്‍ക്കാതെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇതിനിടയിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. 18–20 സീറ്റുകൾ വീതം കോൺഗ്രസിനും ഉദ്ധവ് പക്ഷത്തിനും, ശരദ് പവാർ വിഭാഗത്തിന് 9 സീറ്റുകളുമെന്ന മട്ടിലാണ് മുന്നോട്ട് പോകുന്നത്. മൂന്നു പാർട്ടികളും ചേർന്ന് 30 സീറ്റുകൾ വരെ നേടാനാകുമെന്നാണ് മുന്നണി കണക്കുകൂട്ടുന്നത്.
പവാർ കുടുംബത്തിലിനി നേർക്കുനേർ പോരാട്ടം; ബാരാമതിയിൽ 'തീപാറും'
ശരത് പവാറും മകൾ സുപ്രിയ സുലെയും എതിരാളികളില്ലാതെ കുതിച്ച മണ്ഡലമാണ് ബാരാമതി. പിളർപ്പിന് പിന്നാലെ ഭാര്യ സുനേത്ര മഹാജനെ ഇവിടെ അജിത് പവാർ നിർത്തിയതോടയാണ് മണ്ഡലത്തിന് ഗ്ലാമർ വേഷം കൈവരുന്നത്. ഇതാദ്യമായാണ് പവാർ കുടുംബത്തിലെ രണ്ട് പേർ നേർക്കുനേർ വരുന്നത്. സുപ്രിയ തന്നെയായിരിക്കും ബാരാമതിയില്‍ നിന്ന് വീണ്ടും ജനവിധി തേടുക. തുടർച്ചയായി മൂന്നു തവണ സുപ്രിയ ജയിച്ച മണ്ഡലമാണിത്. മുമ്പ് ആറു തവണ പവാറും ഒരിക്കൽ അജിതും ബാരാമതിയിൽ ജയിച്ചിട്ടുണ്ട്. വർഷങ്ങളായി പവാറിൽനിന്ന് ബാരാമതി പിടിച്ചെടുക്കാൻ ബി.ജെ.പി ശ്രമം നടത്തിവരുന്നുണ്ട്. എന്നാൽ അതിന് അവർക്ക് സാധിച്ചിരുന്നില്ല. ഇക്കുറി അജിതിനെ പോക്കറ്റിലാക്കി ബാരാമതി ഇളക്കാനാകും എന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെപി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നര ലക്ഷത്തിലേറെ ഭൂരിപക്ഷത്തിനാണ് സുപ്രിയ, ബി.ജെപിയെ പരാജയപ്പെടുത്തിയത്.
ഇന്ത്യാ ടുഡേയുടെ സർവേഫലത്തിൽ ഞെട്ടി ബി.ജെ.പി
മഹാരാഷ്ട്രയില്‍ ഇന്‍ഡ്യ മുന്നണി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന ഇന്ത്യാ ടുഡേ 'മൂഡ് ഓഫ് ദ നേഷന്‍' അഭിപ്രായ സര്‍വേയില്‍ ഞെട്ടിയിരിക്കുകയാണ് ബി.ജെ.പി. പാര്‍ട്ടികളൊന്നാകെ പിളര്‍ന്നിട്ടും ആകെയുള്ള 48 സീറ്റുകളില്‍ 26 സീറ്റുകളില്‍ ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നാണ് സര്‍വേ ഫലം. 22 സീറ്റുകളാണ് എന്‍ഡിഎക്ക് ലഭിക്കുക. ഇന്‍ഡ്യ മുന്നണിക്ക് 45% വോട്ടും എന്‍ഡിഎക്ക് 40% വോട്ടും ലഭിക്കുമെന്നും പ്രവചിക്കുന്നു.