അസദുദ്ദീൻ ഉവൈസി ഹൈദരാബാദ് സീറ്റിൽതന്നെ; ബി.ജെ.പി സ്ഥാനാർഥി കൊമ്പെല്ല മാധവി ലത
|ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായാണ് നടക്കുക
ഹൈദരാബാദ്: ഹൈദരാബാദ് ലോക്‌സഭാ സീറ്റിൽ തന്നെ താൻ മത്സരിക്കുമെന്ന് ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ തന്നെ അദ്ദേഹം പ്രഖ്യാപനം നടത്തുകയായിരുന്നു. നാല് വട്ടമായി ഹൈദരാബാദിനെ പാർലമെൻറിൽ പ്രതിനിധീകരിക്കുന്നത് ഉവൈസിയാണ്. 1989 മുതൽ ഒമ്പത് തവണയായി എ.ഐ.എം.ഐ.എം വിജയിച്ചുവരുന്ന മണ്ഡലമാണ് ഹൈദരാബാദ്. 1984-89 കാലത്ത് സുൽത്താൻ സലാഹുദ്ദീൻ ഉവൈസി സ്വതന്ത്രനായാണ് ഇവിടെ വിജയിച്ചത്. 1989 മുതൽ 2004 വരെ സുൽത്താൻ സലാഹുദ്ദീൻ എ.ഐ.എം.ഐ.എം ടിക്കറ്റിൽ വിജയിച്ചു. 2004 മുതൽ അസദുദ്ദീൻ ഉവൈസിയാണ് ഹൈദരാബാദിനെ പ്രതിനിധീകരിക്കുന്നത്.
ഉവൈസിക്കെതിരെ ആദ്യമായി വനിതാ സ്ഥാനാർഥിയെയാണ് ബിജെപി നിർത്തിയിരിക്കുന്നത്. ഹൈദരാബാദുകാരിയും വിരിഞ്ചി ആശുപത്രി ചെയർപേഴ്സണുമായ കൊമ്പെല്ല മാധവി ലതയാണ് സ്ഥാനാർഥി. ബിസിനസുകാരിക്ക് പുറമേ ഭരതനാട്യം നർത്തകിയുമാണ് ഇവർ. മുത്തലാഖിനെതിരെ കാമ്പയിൻ ചെയ്തിരുന്ന ലത നേരത്തെ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്നുവെന്നും ഹൈദരാബാദിലെ ഓൾഡ് സിറ്റിയിൽ കാമ്പയിൻ ചെയ്തുവരികയായിരുന്നുവെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
ഇംതിയാസ് അലി ഛത്രപതി സംഭാജി നഗർ (മുമ്പ് ഔറംഗാബാദ്), ബിഹാർ എഐഎംഐഎം അധ്യക്ഷൻ അക്തറുൽ ഈമാൻ കിഷൻഖഞ്ചിലും മത്സരിക്കുമെന്നും വാർത്താസമ്മേളനത്തിൽ ഉവൈസി പറഞ്ഞു.
'ഞാൻ ഹൈദരാബാദിൽ മത്സരിക്കും. ബിഹാർ, യു.പി, മഹാരാഷ്ട്ര എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പിൽ പാർട്ടി പോരാടും. നമ്മുടെ പാർട്ടി നേതാക്കൾ ചർച്ച നടത്തികൊണ്ടിരിക്കുകയാണ്. ബാക്കിയുള്ള സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കും' ഉവൈസി വ്യക്തമാക്കി.
സുൽത്താൻ സലാഹുദ്ദീൻ ഉവൈസിയുടെയും നജ്മുന്നിസ ബീഗത്തിന്റെയും മകനായി 1969 മെയ് 13നാണ് ഉവൈസി ജനിച്ചത്. ഹൈദരാബാദിലെ രാഷ്ട്രീയ കുടുംബത്തിലായിരുന്നു ജനനം. പിതാമഹനായ അബ്ദുൽ വാഹിദ് ഉവൈസിയാണ് മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ പാർട്ടിയെ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്ന പേരിലേക്ക് മാറ്റിയത്. 1957 സെപ്തംബർ 18നായിരുന്നു ഈ മാറ്റം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19ന്. രണ്ടാം ഘട്ടം ഏപ്രിൽ 26ന്. മൂന്നാം ഘട്ടം മെയ് ഏഴിന്. നാലാം ഘട്ടം മെയ് 13ന്, അഞ്ചാം ഘട്ടം മെയ് 20ന്. ആറാം ഘട്ടം മെയ് 25ന്. ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ജൂൺ നാലിന് വോട്ടെണ്ണൽ. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ് നടക്കും. വിജ്ഞാപനം മാർച്ച് 28ന്. ഏപ്രിൽ നാലാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ട്.
നാല് സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സിക്കിം, അരുണാചൽ പ്രദേശ്, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. ആന്ധ്രാപ്രദേശിൽ മെയ് 13നും അരുണാചൽ പ്രദേശിലും സിക്കിമിലും ഏപ്രിൽ 19നും ഒഡീഷയിൽ നാല് ഘട്ടങ്ങളായും (മെയ് 13, മെയ് 20, മെയ് 25, ജൂൺ ഒന്ന് ) നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. സുരക്ഷാ കാരണം കൊണ്ടാണ് തെരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും.
97 കോടി വോട്ടർമാരാണ് രാജ്യത്ത് ഇക്കുറി വോട്ടവകാശം രേഖപ്പെടുത്തുക. 47.1 കോടി സ്ത്രീ വോട്ടർമാരാണ്. 49.7 കോടിയാണ് പുരുഷ വോട്ടർമാർ. 48,000 ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട് രേഖപ്പെടുത്തും. 1.8 കോടി പേർ കന്നി വോട്ടർമാരാണ്. 19.7 കോടി വോട്ടർമാരും 20 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവരാണ്. 85 വയസ്സിനു മുകളിൽ 82 ലക്ഷം വോട്ടർമാരാണുള്ളത്. പത്തരലക്ഷം പോളിങ് സ്റ്റേഷനുകളുണ്ട്. 55 ലക്ഷം ഇ.വി.എമ്മുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും സജ്ജമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
'വനിതാ, യുവ പ്രതിനിധ്യം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വർധിക്കുന്നു. കമ്മീഷന്റെ ബോധവൽക്കരണം ലക്ഷ്യം കണ്ടു. വോട്ടർപട്ടിക കുറ്റമറ്റതാക്കാൻ കാര്യക്ഷമമായ ശ്രമം നടന്നു. ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയാകുന്നവർക്ക് അടക്കം വോട്ട് ചെയ്യാനാകും. 85 വയസ്സിനു മുകളിൽ ഉള്ളവർക്ക് വീട്ടിൽ നിന്ന് വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കും. പോളിങ് സ്റ്റേഷനുകളിൽ ശുചിമുറി, വീൽചെയർ, ഹെൽപ് ഡസ്‌ക് സൗകര്യമുണ്ടാകും. ഭിന്നശേഷിക്കാർക്കും വീട്ടിൽ വോട്ട് ചെയ്യാനാകും. എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും'
'വോട്ടർമാർക്ക് പരാതി അറിയിക്കാൻ 'cVIGIL' മൊബൈൽ ആപ്പ് സംവിധാനമൊരുക്കും. ഇതിലൂടെ 100 മിനിറ്റിനകം പരിഹാരമുണ്ടാക്കാൻ സാധിക്കും. വോട്ടർ ഐഡി മൊബൈലിൽ ഡൗൺലോഡ് ചെയ്യാം. സ്ഥാനാർഥികളെ കുറിച്ചുള്ള വിവരങ്ങളും അറിയാം. സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം വോട്ടേഴ്‌സിന് അറിയാൻ സാധിക്കും. ക്രമക്കേടുകൾ പരിശോധിക്കാൻ ജില്ലകളിൽ മുഴുവൻ സമയ കൺട്രോൾ റൂമും പ്രവർത്തിക്കും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണവുമുണ്ടാകും. പ്രശ്‌നബാധിത ബൂത്തുകളിൽ വെബ്ബ് കാസ്റ്റിങ് സംവിധാനവുമൊരുക്കും. പണമുപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളെ തടയും. 11 നിയമസഭാ തെരഞ്ഞെടുപ്പുകളിലായി 3400 കോടിയാണ് പിടിച്ചെടുത്തു'
വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം, പണം ഉൾപ്പെടെ നൽകുന്നത് കർശനമായി നിരോധിക്കും. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളിൽ കർശന നടപടി സ്വീകരിക്കും. ആക്രമണങ്ങളിൽ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പാടില്ല. ജാതിയുടേയും മതത്തിന്റെയും പേരിൽ വോട്ട് ചോദിക്കരുത്. എതിരാളികളെ മോശമായി ചിത്രീകരിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ പാടില്ല. കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കരുത്. ഇതിനായി 2100 നിരീക്ഷകരെ നിയമിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു.
രാജ്യം തെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. എല്ലാ തെരഞ്ഞെടുപ്പും പുതിയ പരിക്ഷയാണ്. തെരഞ്ഞെടുപ്പ് കാലം രാജ്യത്തിന്റെ അഭിമാനം എന്നതാണ് മുദ്രാവാക്യം. ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തി. എല്ലാവരോടും വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഗ്യാൻ ഭവനിലാണ് വാർത്താസമ്മേളനം. തെരഞ്ഞെടുപ്പ് കമ്മീഷണർക്കൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണർമാരായ ഗ്യാനേഷ് കുമാറും, സുഖ്ബീർ സിങ് സന്ധുവും വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നു.